
കണ്ണൂര്‍ : പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറിയിൽ കൂട്ട അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. ടിഐ മധുസൂധനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. കെകെ ഗംഗാധരൻ, ടി വിശ്വനാഥൻ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് പകരം ചുമതല നൽകി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. എന്നാൽ നടപടി വന്നതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു. എംവി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.
നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎൽഎയ്‍ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമർശനമുണ്ടായത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെടെ പയ്യന്നൂരിൽ നിന്നുള്ള ആറ് പേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.
പയ്യന്നൂര്‍ ഫണ്ട് തിരിമറി: ആരോപണം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി, തിരിമറിയില്ലെന്ന് ജയരാജന്‍
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. കെട്ടിട നിർമ്മാണ ഫണ്ടിൽ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam