
കൊച്ചി: കണ്ണൂർ കീഴാറ്റൂർ ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പെട്ടെന്ന് തീർപ്പാക്കരുതെന്ന് ഹൈക്കോടതി. സർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വിശദീകരണമാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഇരുവരുടെയും വിശദീകരണം കേട്ട ശേഷമേ ഹർജി തീർപ്പാക്കാവൂ എന്നും കോടതി നിർദേശിച്ചു. പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കുടൂമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്നങ്ങളും ഒഴിവാക്കാനായാണ് ബൈപ്പാസ് റോഡിന്റെ സാധ്യത സർക്കാർ പരിശോധിച്ചത്. തുടർന്ന് നടത്തിയ പഠനങ്ങൾക്കും സർവ്വേക്കും ഒടുവിൽ കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ വഴി ബൈപ്പാസ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറായി.
എന്നാൽ ഈ പാത വഴി ബൈപ്പാസ് നിർമ്മിച്ചാൽ നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പാതയുടെ അലൈൻമെന്റ് കീഴാറ്റൂരിലെ വയൽ വഴി പുനർനിർണയിച്ചു. പുതിയ പാതയിലൂടെ ബൈപ്പാസ് വന്നാൽ മുപ്പതോളം വീടുകൾ മാത്രം പൊളിച്ചാൽ മതിയെന്നായിരുന്നു ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂർ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിക്കുകയായിരുന്നു.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരം വാർത്തകളിലൊതുങ്ങി. ഇപ്പോള്‍ ഭൂമിയും കൈമാറി നിയമപോരാട്ടം എന്ന നയത്തിലേക്ക് മാറുകയാണ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സമരത്തിന്‍റെ മുന്നണിപോരാളികളായ വയല്‍ക്കിളികള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam