
കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്. ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നല്‍കി. ഹൈക്കോടിതിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
കേന്ദ്ര ഫണ്ട് വിനിയോഗിക്കാന്‍ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശവും നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഫണ്ട് വിനിയോഗിക്കാനുള്ള സമയം, ഡിസംബർ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ അറിയിക്കുകയായികുന്നു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉൾപ്പെടുത്തിയതായും അഭിഭാഷകൻ അറിയിച്ചു. എന്നാൽ രേഖാമൂലം ഇത് ഹാജരാക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഇതാണ് കോടതി വിമർശനത്തിന് കാരണമായത്. ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ചു പിടിക്കൽ നടപടി സ്വീകരിച്ചെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിലും കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam