മാസപ്പടി കേസിൽ നിയമപോരാട്ടം കടുപ്പിച്ച് പിണറായിയും റിയാസും വീണയും; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകം

Published : Oct 13, 2026, 06:10 AM IST
km shahjahan reacts to kerala high court order in cmrl exalogic case

Synopsis

മാസപ്പടി, ഹവാല കേസുകളിൽ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പിണറായിയടക്കം നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി എം ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന കേസിൽ പിണറായിയും, ഹവാല കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ

കൊച്ചി: മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മകൾ വീണ വിജയനും, മുൻ മന്ത്രി മുഹമ്മദ് റിയാസും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സി എം ആർ എൽ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തിലില്ലെന്നുമാണ് പിണറായിയുടെ വാദം. എന്നാൽ തെളിവുകളും വിവരങ്ങളുമുണ്ടെങ്കിൽ എഫ് ഐ ആർ ഇടാൻ പ്രതികളെ കേൾക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷൻ ബഞ്ച് ഇന്നലെ ചോദിച്ചത്. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിംഗിൾ ബ‌ഞ്ച് കേസിൽ പിണറായി അടക്കമുള്ളവർ എതിർ കക്ഷിയല്ലാത്തതിനാൽ അപ്പീൽ നൽകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് നൽകിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. പിണറായി വിജയനടക്കമുള്ളവരെ സംബന്ധിച്ചടുത്തോളം ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും.

പിണറായി ഒന്നാം പ്രതി

മാസപ്പടിയിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.

കുരുക്കിലാക്കിയത് മാസപ്പടി

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സി എം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. നൽകാത്ത സേവനത്തിനാണ് 3.28 കോടി വാങ്ങിയത്. ഇങ്ങനെ പണം നൽകാൻ കാരണം രാഷ്ട്രീയ സ്വാധീനമാണ്. ഇത് പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇ ഡിയുടെ ആരോപണം. അങ്ങനെയാണ് വിജിലന്‍സ് എടുത്ത ആദ്യ കേസിൽ പിണറായി ഒന്നാം പ്രതിയും മകള്‍ രണ്ടാം പ്രതിയുമായത്. സി എം ആർ എൽ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് കേസിലുള്ളത്. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇ ഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണ രണ്ടാം പ്രതിയാണ്. ഇരുവരും ചേര്‍ന്ന് റിയാസിന്‍റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി, യു എ ഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തിയെന്നാണ് ആരോപണം. 85 ലക്ഷം വിദേശത്തേയ്ക്ക് അയച്ചു. വീണയുടെ വസതിയിൽ നിന്ന് ഇ ഡി പിടിച്ചെടുത്ത കയ്യെഴുത്ത് കുറിപ്പുകളാണ് ഇതിന് തെളിവ്. ദുബായിൽ വസ്തു കയറ്റുമതി ബിസിനസിനുള്ള ചര്‍ച്ച പ്രതികൾ തമ്മിൽ നടത്തിയിരുന്നു. റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആകെ 8 പ്രതികളാണ് കേസിലുള്ളത്. റിയാസിന്‍റെ സുഹൃത്തുക്കളുടെ മൊഴി ഉള്‍പ്പടെ എല്ലാ രേഖകളും ക്രൈംബ്രാഞ്ച് എസ് ഐ ടിയും വിജലൻസിന് കൈമാറിയിട്ടുണ്ട്. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസുകള്‍ എടുത്തത്. ഇ ഡി റിപ്പോർട്ട്, ഹൈക്കോടതി ഉത്തരവ് എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കാലഘട്ടങ്ങളിലുണ്ടായ സംഭവങ്ങളിൽ രണ്ട് കേസെടുക്കാൻ വിജലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശിച്ചത്. പിന്നാലെ രണ്ട് എഫ് ഐ ആറുകളും രജിസ്റ്റർ ചെയ്തു. അഴിമതി തടയൽ നിയമപ്രകാരം അനധികൃത സ്വത്തു സമ്പാദം, സർക്കാർ പദവി ദുരുപയോഗം, ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആയിതിനാൽ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത് സംബന്ധിച്ച ശുപാർശ വിജിലൻസ് ഡയറക്ടർ സർക്കാരിന് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനുള്ള ബിൽ ഇന്ന്‌ നിയമസഭയിൽ, മുഖ്യമന്ത്രി വി ഡി സതീശൻ ബിൽ അവതരിപ്പിക്കും
മാസപ്പടി കേസ്: കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി ഇന്ന് പരിഗണിക്കും