നിരത്തുകളിലുണ്ടാകുന്നത് അപ്രതീക്ഷിതമായ അപകടങ്ങളല്ല, മറിച്ച് അശാസ്ത്രീയമായ നിർമ്മാണങ്ങളും അശ്രദ്ധയും കാരണമാണെന്ന് വിദഗ്ധർ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറ കോൺക്ലേവിൽ നടന്ന ചർച്ചയിലാണ് ഈ നിരീക്ഷണം. ശാസ്ത്രീയമായ റോഡ് നിർമ്മാണം, കൃത്യമായ ഡാറ്റാ വിശകലനം, കർശന നിയമനടപടികൾ എന്നിവയുടെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

നിരത്തുകളിലുണ്ടാകുന്നത് അപ്രതീക്ഷിതമായ അപകടങ്ങളല്ല, മറിച്ച് അശാസ്ത്രീയമായ നിർമ്മാണങ്ങളും അശ്രദ്ധയും കാരണം മുൻകൂട്ടി കാണാവുന്ന ക്രാഷസുകളെന്ന് വിദഗ്ധർ. 'റോഡ് എന്ന് സേഫ് ആകും' എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറ കോൺക്ലേവിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഗതാഗത-റോഡ് സുരക്ഷാ മേഖലയിലെ പ്രമുഖർ പങ്കുവെച്ച നിരീക്ഷണങ്ങൾ നമ്മുടെ നിരത്തുകളിലെ അപകടങ്ങളുടെ യഥാർത്ഥ കാരണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗതാഗത സുരക്ഷാ വിദഗ്ധൻ ടോണി മാത്യു, ഓട്ടോമൊബൈൽ എൻജിനീയറും 'ഐ ഡ്രൈവ് സേഫ്' സ്ഥാപകനുമായ ഡോ. സിബി മത്തായി, 34 വർഷത്തെ സേവനപരിചയമുള്ള മുൻ ജോയിന്‍റ് ആർടിഒ ആദർശ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

ബോധവൽക്കരണം മാത്രം പോരാ

റോഡ് സുരക്ഷയെന്നത് കേവലം ബോധവൽക്കരണ ക്ലാസുകളിലൂടെയോ ഉപരിപ്ലവമായ ഇടപെടലുകളിലൂടെയോ പരിഹരിക്കാവുന്ന ഒന്നല്ലെന്ന് മുൻ ജോയിന്‍റ് ആർടിഒ ആദർശ് കുമാർ അഭിപ്രായപ്പെടുന്നു. റോഡ് ഉപയോഗിക്കുന്ന എല്ലാവരെയും പരിഗണിക്കാതെയുള്ള അമിതവേഗതയും പിഴവുകളുമാണ് ഗുരുതരമായ പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുന്നത്. റോഡുകളുടെ നിലവാരം മെച്ചപ്പെടുമ്പോൾ സ്വാഭാവികമായും വാഹനങ്ങളുടെ വേഗത വർധിക്കും. എന്നാൽ ഈ വേഗതയെ ഉൾക്കൊള്ളാൻ പാകത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നതിൽ വ്യക്തമായ ധാരണയോടെയുള്ള മാറ്റമാണ് നമുക്ക് അനിവാര്യം.

കണക്കുകളിലെ അപൂർണ്ണതയും അശാസ്ത്രീയ നിർമ്മാണവും

റോഡ് നിർമ്മാണത്തിലെ പാളിച്ചകളാണ് അപകടങ്ങളുടെ മൂലകാരണമെന്ന് ഡോ. സിബി മത്തായി ചൂണ്ടിക്കാട്ടുന്നു. റോഡിന് വീതികൂട്ടി ടാർ ചെയ്തതുകൊണ്ട് മാത്രം സുരക്ഷ ഉറപ്പാക്കാനാവില്ല. കഴിഞ്ഞ വർഷം രാജ്യത്ത് 1,84,000 പേർക്കാണ് റോഡിൽ ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ്. കാൽനടയാത്രക്കാർക്ക് നടക്കാനുള്ള ഇടം കൂടി ടാർ ചെയ്ത് വാഹനങ്ങൾക്ക് വിട്ടുകൊടുക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ വേണം റോഡുകൾ രൂപകൽപ്പന ചെയ്യാൻ.

കൂടാതെ, നമ്മുടെ രാജ്യത്തെ അപകട കണക്കുകൾ തന്നെ അപൂർണ്ണമാണെന്നും അദ്ദേഹം പറയുന്നു. പൊലീസിന്‍റെ പക്കലുള്ളത് മരണങ്ങളുടെ കണക്കുകൾ മാത്രമാണ്. ചെറുതും വലുതുമായ എല്ലാ അപകടങ്ങളുടെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്താൽ മാത്രമേ കൃത്യമായ പരിഹാരങ്ങൾ കണ്ടെത്താനാകൂ.

വേണം പ്രത്യേക അന്വേഷണ വിഭാഗം

റോഡ് നിർമ്മാണത്തിലെ ഏകോപനമില്ലായ്മയെയും സർക്കാർ സംവിധാനങ്ങളുടെ പഴഞ്ചൻ രീതികളെയും ടോണി മാത്യു രൂക്ഷമായി വിമർശിച്ചു. റോഡിന്‍റെ ഉപരിതലം മിനുസമുള്ളതാണോ എന്ന് മാത്രമാണ് പൊതുജനങ്ങളും അധികാരികളും നോക്കുന്നത്, സുരക്ഷാ മാനദണ്ഡങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. കൃത്യമായ ട്രാഫിക് എൻജിനീയറിംഗ് രൂപകൽപ്പനയോ ബസ് ബേകളോ തെരുവുവിളക്കുകളോ പലയിടത്തും ഇല്ല. വീതി കുറഞ്ഞ റോഡുകളിൽ ഫുട്പാത്ത് നിർമ്മിക്കാൻ സ്ഥലമില്ലെങ്കിൽ അവിടെ കർശനമായ വേഗത നിയന്ത്രണം നടപ്പിലാക്കണം.

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് ഒരു ശാസ്ത്രമാണെന്നും എന്നാൽ അതിനുള്ള പരിശീലനം പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേവലം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടുന്നതിന് പകരം, അപകടകാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ പ്രത്യേക അന്വേഷണ വിഭാഗം തന്നെ രൂപീകരിക്കേണ്ടതുണ്ട്.

ലൈസൻസ് പരിഷ്കരണവും കർശന നിയമനടപടികളും

നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളും ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണവുമാണ് ചർച്ചയിൽ ഉയർന്നുവന്ന മറ്റൊരു പ്രധാന വിഷയം. പൊലീസിനെ പേടിച്ചു മാത്രമാണ് പലരും ഹെൽമെറ്റ് ധരിക്കുന്നത്. നിയമം ലംഘിച്ചാൽ പിടിക്കപ്പെടുമെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുമുള്ള ഭയം വാഹനം ഓടിക്കുന്നവരിൽ ഉണ്ടാകണമെന്ന് ടോണി മാത്യു പറയുന്നു. ശരിയായ റോഡ് രൂപകൽപ്പനയ്ക്കായി വേണം സ്ഥലം ഏറ്റെടുക്കാൻ.

ഇതിനോട് യോജിച്ചുകൊണ്ട്, മികച്ച റോഡ് സംസ്കാരം വളർത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകത ഡോ. സിബി മത്തായി എടുത്തുപറഞ്ഞു. ഇരുചക്രവാഹനം ഓടിക്കുന്ന പലർക്കും ശരിയായ രീതിയിൽ ബ്രേക്ക് പിടിക്കാൻ പോലും അറിയില്ല. പ്രായോഗിക ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാത്ത 'എട്ട്' (8) എടുപ്പിച്ചതുകൊണ്ട് ഡ്രൈവിംഗ് മികവ് അളക്കാനാവില്ലെന്നും, ഡ്രൈവിംഗ് ടെസ്റ്റ് രീതികളിൽ സമൂലമായ മാറ്റം അനിവാര്യമാണെന്നും പാനൽ അംഗങ്ങൾ ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ റോഡ് നിർമ്മാണം, കൃത്യമായ ഡാറ്റാ വിശകലനം, വിദഗ്ധരുടെ നേതൃത്വത്തിലുള്ള അപകട അന്വേഷണം, പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ, വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ എന്നിവ ഒത്തുചേർന്നാൽ മാത്രമേ നമ്മുടെ റോഡുകൾ സുരക്ഷിതമാകൂ എന്ന ശക്തമായ സന്ദേശമാണ് ഈ ചർച്ച നൽകുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകനും റോഡ് സേഫ്റ്റി ക്യാംപൈനറുമായ ടി സി രാജേഷ് സിന്ധു ആയിരുന്നു ചർച്ചയുടെ മോ‍ഡറേറ്റർ.