'കോടതിയുടെ ചോദ്യങ്ങള്‍ നിഗമനങ്ങളല്ല'; സ്പ്രിംക്ലര്‍ വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് പിണറായി

By Web TeamFirst Published Apr 24, 2020, 5:50 PM IST
Highlights

ഹര്‍ജിയിലെ പ്രധാന ആവശ്യമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, കരാറുമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട കോടതിവിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഹര്‍ജിയിലെ പ്രധാന ആവശ്യമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, കരാറുമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കൊവിഡുമായി ബന്ധപ്പെട്ട പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡാറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതില്‍ ആശയക്കുഴപ്പില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. അതില്‍ വിട്ടുവീഴ്ചയില്ല.

ഹര്‍ജിയില്‍ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കോടതി പല ചോദ്യങ്ങളും ചോദിക്കും. അങ്ങനെയുള്ള കോടതിയുടെ ചോദ്യങ്ങള്‍ നിഗമനങ്ങളായി കാണാനാകില്ല. ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിന്‍റെ നിലപാടിനെ ശക്തിപ്പെടുത്തുന്നതാണെന്നും പിണറായി പറഞ്ഞു.

അതേസമയം, വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്കുള്ള പല സ്വാതന്ത്രങ്ങളും മൗലിക അവകാശങ്ങളും ഇല്ലാതായിരിക്കുകയാണ്. ഇതൊരു പ്രത്യേക കാലമാണ്. അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്. സ്പ്രിംക്ലറുമായുള്ള കരാര്‍ തുടരാനാണ് കോടതി വിധി. ഡാറ്റാ സുരക്ഷതിത്വം ഉറപ്പ് വരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

ആ നിലപാടില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി ഇന്ന് പറഞ്ഞു. പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുത്.

വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്ന്‌ കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഫയലിൽ സ്വീകരിച്ച കോടതി കേസുകൾ മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഉപാധികളോടെ സ്പ്രിംക്ലറിന് വിവര ശേഖരണം തുടരാമെന്നും കോടതി പറഞ്ഞു.

ഇനി മുതൽ വ്യക്തികളുടെ വിവരം ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു. കരാർ കാലാവധി കഴിഞ്ഞാൽ മുഴുവൻ ഡേറ്റയും സ്പ്രിംക്ലര്‍ തിരിച്ചു നൽകണം. സര്‍ക്കാര്‍ നടപടികളിലും കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടിയിലും കരാറിലും അതൃപ്തിയുണ്ടെന്ന് കോടതി പറഞ്ഞു. എന്തു കൊണ്ട് സ്പ്രിംക്ലര്‍ എന്നും, എങ്ങനെ സ്പ്രിംക്ലറിലേക്ക് എത്തിയതെന്നും കോടതി ചോദിച്ചു.

സ്പ്രിംക്ലറിന് ഉപാധി വച്ച് ഹൈക്കോടതി: ബിസിനസിന് ഡാറ്റ ഉപയോഗിക്കരുത്, സര്‍ക്കാര്‍ നടപടിയിൽ അതൃപ്തി

click me!