
തിരുവനന്തപുരം : കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല) വിസിയെ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ. സർക്കാറുമായി പോരടിക്കുന്ന ഗവർണറുടെ വാദങ്ങൾക്കാണ് ഹൈക്കോടതി വിധി കൂടുതൽ ബലം പകരുന്നത്. പുറത്താക്കൻ ഗവർണർ നോട്ടീസ് നൽകിയ മറ്റ് വിസിമാരുടെ ഭാവി കൂടുതൽ തുലാസിലായി.
മറ്റുള്ളവർക്ക് യോഗ്യതയില്ലെങ്കിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി ഒറ്റപ്പേര് ഗവർണർക്ക് സമർപ്പിച്ചാൽ എന്താണ് പ്രശ്നം,യുജിസി മാർഗ്ഗ നിർദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങൾക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവർണറുമായുള്ള പോരിൽ സർക്കാർ ഇതുവരെ ഉയർത്തിയ വാദമുഖങ്ങൾക്കുള്ള വൻ തിരിച്ചടിയാണ് കുഫോസ് വിധി. യുജിസി മാനദണ്ഠങ്ങളിൽ വെള്ളം ചേർക്കാനാകില്ലെന്ന ഗവർണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ പട്ടികയിൽ കുഫോസ് വിസി റിജി ജോണുമുണ്ടായിരുന്നു. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കി.
കെടിയു കേസിലെ സുപ്രീം കോടതി വിധിക്കൊപ്പം കുഫോസ് വിധിയും ആയുധമാക്കിയാകും മറ്റ് ഒമ്പത് വിസിമാർക്കെതിരായ ഗവർണറുടെ നടപടി. നോട്ടീസ് ലഭിച്ചവരിൽ ഏറെയും ഒറ്റപ്പേരിൽ നിയമിക്കപ്പെട്ടവർ, ഒന്നിലധികം പേര് നൽകിയ സർച്ച് കമ്മിറ്റിയിൽ യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി അക്കാദമിക് വിദഗ്ധർക്ക് പകരം സർക്കാർ പ്രതിനിധികളുമുണ്ടായിരുന്നു. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കാനാകില്ലെന്ന ഇന്നത്തെ വിധി പ്രിയ വർഗ്ഗീസ് കേസിലും സർക്കാറിന് തിരിച്ചടിയായേക്കാം. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കിയെന്നായിരുന്നു പ്രിയക്കെതിരായ പരാതികളിലൊന്നായി വിലയിരുത്തപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam