
കൊച്ചി: ബ്ലാക്മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വർണ കടത്തിന് നിർബന്ധിച്ചതെന്നു യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്‍റെ പരാതിയിൽ പറയുന്നത്. സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.
മാർച്ച് 4 ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam