നിയമ നിര്‍മാണമില്ലാതെ മന്ത്രവാദവും ആഭിചാരവും എങ്ങനെ തടയും? നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Published : Jun 24, 2025, 01:34 PM IST
Kerala High Court

Synopsis

വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു

കൊച്ചി: മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കെടി തോമസ് കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് നി‍ർദേശം.

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദം സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നിയമ നിർമാണം ആവശ്യമാണെന്ന കെ.ടി. തോമസ് കമീഷൻ റിപ്പോര്‍ട്ടിൽ സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല.

കഴിഞ്ഞ 50വര്‍ഷത്തിനിടെ കേരളത്തിൽ കാണാതായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രവാദവും ആഭിചാരവുമടക്കമുള്ളവയെ പ്രൊത്സാഹിപ്പിക്കുന്നതും ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിലെ ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കേരള യുക്തി വാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്കാര കമ്മീഷൻ സമഗ്ര റിപ്പോര്‍ട്ട് 2021ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കര്‍ശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കാര കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

മന്ത്രവാദത്തിന്‍റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്‌. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് ഇത് പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ ശുപാര്‍ശകൾ കൈമാറിയത്. എന്നാൽ, ഇതിനായുള്ള നിയമനിര്‍മാണവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം