ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; 'പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്'

Published : Sep 11, 2025, 02:28 PM ISTUpdated : Sep 11, 2025, 02:58 PM IST
high court sabarimala global ayyappa sangamam

Synopsis

സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കാതെ ആഗോള അയ്യപ്പ സംഗമം നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെ അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്.

വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ട് നൽകണം

ആഗോള അയ്യപ്പ സംഗമം നടത്തിയതിന്‍റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നൽകരുതെന്നും ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജിയില്‍ ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്‍റെ റോളെന്താണെന്നും ആരൊക്കെയാണ് ക്ഷണിച്ചതെന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ദേവസ്വമോ സര്‍ക്കാരോ പണം ചെലവിടുന്നില്ലെന്നും സാധാരണക്കാര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി. 

അയ്യപ്പന്‍റെ പേരില്‍ നടക്കുന്ന കച്ചവടമാണെന്നും പൂര്‍ണമായും രാഷ്ട്രീയ സംഗമമാണെന്നും സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് നിലപാടുള്ള സര്‍ക്കാരാണ് സംഗമം നടത്തുന്നെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ദേവസം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരാണ് സംഗമത്തിന് പണം മുടക്കുന്നത്. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് സര്‍ക്കാരിന്‍റെ നാടകമെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

എന്നാല്‍ ശബരിമല വികസനം സമഗ്രമായി ചര്‍ച്ച ചെയ്യാനും തത്വമസി എന്ന ആശയം ലോകമാകെ പ്രചരിക്കാനുമെല്ലാം നടത്തുന്ന മഹത്തായ പരിപാടിയാണ് അയ്യപ്പസംഗമമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. പരിപാടിക്കായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ചില്ലിക്കാശ് ചെലവിടുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. എല്ലാം സ്പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തും. സ്പോണ്‍സര്‍മാര്‍ ഇപ്പോള്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. പമ്പയിലെത്തുവന്നര്‍ക്കെല്ലാം തരതിരിവില്ലാതെ സൗകര്യങ്ങളും ഏര്‍പ്പാടാക്കും. സംഗമം ഭരണഘടന വിരുദ്ധമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20നാണ് പമ്പാ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത്.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു