
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഫെഡറൽ ബാങ്കിൽ ലോക്കർ എടുത്തതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ കള്ളപ്പണം വെളുപ്പിച്ചതിനുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും ഹൈക്കോടതി ശിവശങ്കരന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ പറയുന്നു. എൻഫോഴ്സ്മെന്‍റ് റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും ശിവശങ്കറിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു.
ശിവശങ്കർ നിരപരാധിയാണെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നാണ് ഹൈക്കോടതി ജാമ്യവിധിയിൽ പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയും മൂന്നുമാസത്തോളം കസ്റ്റഡിയിലായിരുന്നു എന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഉപാധികളോടെയാണ് എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ 28-നായിരുന്നു എൻഫോഴ്സ്മെന്‍റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ നേരത്തേ എൻഫോഴ്സ്മെന്‍റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ നിന്നാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഇനി ഡോളർ കടത്ത് കേസിൽക്കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. ഈ കേസിൽ ഈ മാസം ഇരുപത്തിയേഴാം തീയതി എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാൻ സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് നൽകിയ റിമാൻഡ് അപേക്ഷ പരിഗണിച്ചാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam