ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹർജി 11 ലേക്ക് മാറ്റി; സർക്കാരിനോട് സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Dec 7, 2020, 12:23 PM IST
Highlights

നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷയില്‍ സത്യവാങ്മൂലം നല്‍കാന്‍ 
സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്‍ ആശുപത്രിയിൽ അല്ലേയെന്ന് കോടതി ചോദിച്ചു. ഹോസ്പിറ്റലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമോ എന്ന് ആശങ്ക ഉണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയോട് പറഞ്ഞു. അതേസമയം, നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. 

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നുമാണ് ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ അറിയിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്‍റെ ഹർജിയിൽ പറയുന്നു. കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് അഡ്വാൻസ് തുക നൽകിയത് നടപടിക്രമങ്ങൾ പാലിച്ച് ആണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
 

click me!