
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വിമർശനം. വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ വിമർശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എല്ലാവരും യുവാക്കളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയാണ്. വിദേശത്ത് വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇതു സംബന്ധിച്ച് ഒരു വർഷം തുടർച്ചയായി സംവാദം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം. നാല് കേരള സഭകൾ നടന്നിട്ടും എന്ത് പ്രയോജനമുണ്ടായി? വിമർശനങ്ങൾ യുവം പരിപാടിക്ക് കൂടുതൽ പ്രചാരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ കരുണാകരന് ശേഷം ദിശാബോധമുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും കരുണാകരന്റെ കാഴ്ചപ്പാട് അംഗീകരിക്കുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്രൈസ്തവ മതമേലധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വന്ദേ ഭാരതിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകും. എല്ലായിടത്തും നിർത്തിയാൽ വന്ദേ ഭാരതാകില്ല. ഷൊർണൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ കാര്യം മന്ത്രി വി.മുരളീധരൻ റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതി നിലവിലെ ഡി പി ആർ അനുസരിച്ച് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂരിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയെ ബിജെപി നിഗ്രഹിക്കില്ല. ഒരു വാതിലും അവർക്ക് മുന്നിൽ അടച്ചിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam