
കോട്ടയം: സർവകലാശാലകളിലെ കടുത്ത പ്രതിസന്ധിക്കിടെ വീണ്ടും അനുനയത്തിന് സർക്കാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും നിയമ മന്ത്രി പി രാജീവും ഉടൻ രാജ്ഭവനിലെത്തി ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മന്ത്രിമാരും ഗവർണറെ കാണാനെത്തുന്നത്. സർവകലാശാല പ്രശ്നത്തിൽ ഒത്തുതീർപ്പ് നീക്കങ്ങൾ വേഗത്തിലാക്കുകയാണ് സർക്കാർ.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയും നിയമ മന്ത്രിയുടെയും സുപ്രധാന സന്ദര്‍ശനം. രാജ്ഭവനിൽ വൈകിട്ടായിരുന്നു ഒരുമണിക്കൂർ നീണ്ട ചർച്ച. മടങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ഗവർണ്ണർ മധുരപലഹാരങ്ങൾ സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് രാജ്ഭവൻ അറിയിച്ചെങ്കിലും കേരള സർവകലാശാലയിലെ തർക്കം തീർക്കാൻ ധാരണയായോ എന്ന് വ്യക്തമല്ല.
കേരള സർവകലാശാലയിലെ പ്രശ്നത്തിൽ സർക്കാർ അയഞ്ഞെങ്കിലും വിസി വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയിരുന്നില്ല. രജിസ്ട്രാര്‍ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിക്കണമെന്നതിൽ വിസി ഉറച്ചുനിൽക്കുന്നു. എന്നാൽ ഇടത് സിണ്ടിക്കേറ്റ് അംഗങ്ങൾ ഇത് തള്ളുന്നു. സിണ്ടിക്കേറ്റ് യോഗം വിളിക്കുന്നതിലടക്കം രാജ്ഭവൻ ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെടാനിടയുണ്ട്. കെടിയു-ഡിജിറ്റൽ താൽക്കാലിക വിസി നിയമനത്തിനുള്ള സർക്കാർ പട്ടികയിൽ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. ചാൻസ്ലറുടെ നിയമനം തടഞ്ഞുള്ള ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ സുപ്രീം കോടതിയിലേക്ക് നീങ്ങുമ്പോൾ അതിലും അവ്യക്തത ബാക്കിയാണ്. സ്വാശ്രയ സർവ്വകലാശാല ബില്ലിലും സർവ്വകലാശാല നിയമഭേദഗതി ബില്ലിലും ഗവർണ്ണറുടെ അനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.