മീനങ്ങാടിയിൽ ഭീതി പരത്തിയ ഹൈവേ കൊള്ളസംഘത്തിലെ 2 പേർ പിടിയിൽ; അറസ്റ്റ് ചെയ്തത് ബാവലി പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

Published : Oct 01, 2026, 08:28 PM IST
Highway Robbery

Synopsis

വയനാട് മീനങ്ങാടിയിൽ കാർ തടഞ്ഞ് പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേരെ പോലീസ് പിടികൂടി. കണ്ണൂർ കേളകത്ത് വെച്ച് പുഴ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കവർച്ച ചെയ്ത വാഹനവും പ്രതികൾ സഞ്ചരിച്ച കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

കല്‍പ്പറ്റ: മീനങ്ങാടിയില്‍ കാര്‍ തടഞ്ഞ് പണവും വാഹനവും കവര്‍ന്ന ഹൈവേ റോബറി കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ തലശേരി അണിയാരം മൂത്തേടത്ത്കുനിയില്‍ വീട്ടില്‍ എം കെ രഞ്ജു (32), നെല്ലൂന്നി താഴെപഴശി സൗരവ്നിവാസില്‍ സൗരവ് സുനില്‍ എന്നിവരെയാണ് പൊലിസ് പിടികൂടിയത്. കണ്ണൂര്‍ കേളകത്തിന് സമീപം ബാവലി പുഴ കടന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇരുവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഘത്തിലെ എട്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.

സംഘം കവര്‍ന്ന ഇന്നോവയ്ക്ക് പുറമെ പ്രതികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ഇന്നോവയും ഐ20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബേഗൂരില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന ജാഫറിന്റെ ഇന്നോവയാണ് വയനാട് മീനങ്ങാടിക്കടുത്ത ചില്ലിങ് പ്ലാന്റിന് സമീപം ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞത്. തുടര്‍ന്ന് കണ്ണില്‍ കുരുമുളക് സ്പ്രേ ചെയ്ത് 21,000 രൂപയും വാഹനവും കവര്‍ന്നെന്നാണ് പരാതി. മീനങ്ങാടിയില്‍ നിന്ന് കവര്‍ന്ന ഇന്നോവ കണ്ണൂര്‍ കേളകത്ത് എത്തിയപ്പോള്‍ പട്രോളിങ്ങ് നടത്തുന്ന പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയില്‍ കവര്‍ന്ന വാഹനവും പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലിസ് കണ്ടെത്തുകയുമായിരുന്നു.

പൊലീസിനെ കണ്ട് കൊള്ള സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പുഴകടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് രണ്ടുപേരെയാണ് കേളകം പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. മറ്റു പ്രതികള്‍ രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേര്‍ മീനങ്ങാടി പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇവര്‍ തട്ടികൊണ്ടുപോയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ എം.കെ രഞ്ജുവിനെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പതിമൂന്നോളം കേസുകളാണുള്ളത്. ഇതില്‍ ആക്രമണം, സംഘം ചേര്‍ന്ന് അതിക്രമം, ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളും ഉള്‍പ്പെടുന്നു. അതേസമയം, പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് ജൂണ്‍ രണ്ടിന് മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പ്രതിപ്പട്ടികയിലുള്ളയാളാണ് പിടിയിലായ സൗരവ് സുനില്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസർകോടും മന്ത്രി ജെനീഷിനെ തടഞ്ഞ് ഡിവൈഎഫ്ഐ; ഇരുവിഭാ​ഗവും തമ്മിൽ പോർവിളി, കയ്യടിച്ച് സ്വീകരിച്ച് യൂത്ത് കോൺ​ഗ്രസ്
സ്വകാര്യ ആശുപത്രികളിലെ 'കൊളള': സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്, ചികിത്സ ചെലവ് നിയന്ത്രിക്കാൻ നീക്കം; നിയമസഭയിൽ ബില്ല് കൊണ്ടുവരും