
ബെംഗളൂരു: ഹിജാബ് കാവി ഷാൾ വിവാദം തുടരുന്നതിനിടെ ഉഡുപ്പിയിൽ നിരോധനാജ്ഞ. ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂൾ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14, തിങ്കളാഴ്ച രാവിലെ ആറു മണി മുതൽ ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളുടെ 200 മീറ്റർ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറാണ് (ജില്ലാ കളക്ടര്‍) നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും മുദ്രാവാക്യം വിളികളും പ്രസംഗങ്ങളും കർശനമായി വിലക്കി. നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ, കോളേജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത്.
ഹിജാബ് സംഘർഷങ്ങളിൽ കർണാടക സർക്കാർ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർക്കാണ് അന്വേഷണ ചുമതല. പ്രതിഷേങ്ങളിൽ പങ്കെടുത്തവരുടെയും സംഘടനകളുടേയും പങ്ക് പരിശോധിക്കുകയാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ രണ്ടിടത്ത് സംഘർഷമുണ്ടായിരുന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ സ്ത്രീയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിയുകയായിരുന്നു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു. ഇതേസമയം തന്നെ കർണാടകയിലെ ദാവൻഗരയിലും സംഘർഷം നടന്നു. പൊലീസ് ലാത്തിവീശി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്ന വിഷയം നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam