ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്ന് കേരള മുസ്ലിം ജമാ അത്ത്

Published : Mar 15, 2022, 12:57 PM ISTUpdated : Mar 15, 2022, 02:00 PM IST
ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്ന് കേരള മുസ്ലിം ജമാ അത്ത്

Synopsis

hijab row verdict: കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാണ് കേരള മുസ്ലീം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെടുന്നത്. ഇത്തരമൊരു വിധിയുടെ പശ്ചാതലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നുവെന്നും ഖലീൽ അൽ ബുഖാരി കൂട്ടിച്ചേർത്തു

മലപ്പുറം: ഹിജാബ് (Hijab) ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്നും കേരള മുസ്ലിം ജമാ അത്ത് ( Kerala Muslim Jamaat ) സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (Sayyid Ibraheem Khaleel Al Bukhari ). ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന തരുന്നുണ്ട്.  ഹിജാബ് മുസ്ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകശമാണ്. ഖലീൽ അൽ ബുഖാരി പറയുന്നു. 

കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാണ് കേരള മുസ്ലീം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെടുന്നത്. ഇത്തരമൊരു വിധിയുടെ പശ്ചാതലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നുവെന്നും ഖലീൽ അൽ ബുഖാരി കൂട്ടിച്ചേർത്തു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് ശരിവച്ചതോടെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരും. ഹിജാബ് എന്നത് മുസ്ലിം സ്ത്രീകളുടെ നിർബന്ധിത മതാചാരമല്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനെ മൗലിക അവകാശങ്ങളുടെ ലംഘനമായി കാണാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.

കർണാടകത്തിലെ (Karnataka) വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് (Hijab Ban) വിധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ബഞ്ച് നിർണായകമായ മൂന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ വിവിധ വശങ്ങൾ പരിശോധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർ നിരീക്ഷിച്ചതിങ്ങനെയാണ്.

മൂന്നു ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തിയതെന്ന് കോടതി പറയുന്നു. 

ചോദ്യം ഒന്ന്: ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോ? 
ഉത്തരം: അല്ല 

ചോദ്യം രണ്ട്: യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണോ? 
ഉത്തരം: അല്ല 

ചോദ്യം മൂന്ന്: സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ? 
ഉത്തരം: ആവശ്യമില്ല.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ യൂണിഫോം നടപ്പാക്കാൻ ഒരു സംസ്ഥാനസർക്കാർ തീരുമാനിച്ചാൽ അത് എതിർക്കാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. യൂണിഫോം എന്നത് എതിർക്കപ്പെടേണ്ട കാര്യമല്ല. മൗലികാവകാശലംഘനമല്ല. അനുവദനീയമായ നിയന്ത്രണങ്ങളുടെ ഭാഗം മാത്രമാണ്. ഹിജാബ് മതപരമായി അവിഭാജ്യഘടകമാണെന്നും സ്ത്രീകൾക്ക് നിർബന്ധമായും ധരിക്കേണ്ട ഒന്നാണെന്നും തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നും, കേസിൽ മെറിറ്റില്ലെന്നും കർണാടക ഹൈക്കോടതി നിരീക്ഷിക്കുന്നു. 

ചുരുക്കത്തിൽ ഇങ്ങനെ: 

  • ഹിജാബ്  നിർബന്ധിത മതാചാരമല്ല
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം  
  • യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല 
  • യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല 
  • വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട് 
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി 
  • കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല 
  • കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല


ഹർജിയുമായി ഹൈക്കോടതിയിലെത്തിയ വിദ്യാർത്ഥികൾ, ഉഡുപ്പി സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ച കോളേജ് ഡെവലപ്മെന്‍റ് കമ്മിറ്റി ചെയർമാനായ ബിജെപി എംഎൽഎയെയും വൈസ് ചെയർമാനെയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പ്രിൻസിപ്പാളിനെയും ലക്ചറർമാരെയും സസ്പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. 

ഇത് അംഗീകരിക്കാവുന്നതാണോ, അല്ലയോ എന്നതൊക്കെ തീർച്ചയായും ഇനിയും പരിശോധിക്കപ്പെടുമെന്നും, പരമോന്നതനീതിപീഠത്തിലേക്ക് തീർച്ചയായും നിയമപോരാട്ടം നീളുമെന്നും ഉറപ്പാണ്. കർണാടക ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജി നൽകിയ വിദ്യാർത്ഥിനികൾ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾ മാത്രമേ ഇനി കർണാടക തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ കൃത്യമായ നിലപാടിലുറച്ച് സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം. 

ഹിജാബ് മാതാചാരത്തിന്‍റെ മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്‍റെ കാര്യത്തിൽ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.  

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത