
ഇടുക്കി: സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളം കൂടി. അസംസ്കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് കാരണം. തീറ്റവില കൂടി ഉയർന്നതോടെ കോഴിവളർത്തൽ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
കഴിഞ്ഞ രണ്ടുമാസമായി കോഴിത്തീറ്റ വിലയിൽ ഗണ്യമായ വില വർധന ഉണ്ടായിട്ടുണ്ടെന്ന് മൂവാറ്റുപുഴയ്ക്ക് അടുത്ത് താമസിക്കുന്ന കോഴി കർഷകനായ റെബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകദേശം 1,900 രൂപ വിലയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,400 രൂപ വരെയായി. ഇത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴി കൃഷിക്ക് ആവശ്യമായ അറക്കപ്പൊടി കിട്ടാനും ബുദ്ധിമുട്ടുണ്ടെന്ന് കർഷകൻ പറഞ്ഞു. അതോടൊപ്പം തൊഴിലാളി ക്ഷാമവും നേരിടുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരം രൂപയ്ക്ക് മുകളിലാണ് പണിക്കൂലി വാങ്ങുന്നത്. കൂടാതെ, ടാക്സ്, ലൈസൻസ് ഇനത്തിൽ നൽകേണ്ട തുക വളരെ കൂടുതലാണെന്നും കർഷകൻ പറഞ്ഞു.
കോഴിത്തീറ്റ വില വർധനവിനിടെ കോഴി വിലയിൽ ഉണ്ടാകുന്ന വ്യതിയാനവും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സബ്സിഡി പോലുള്ള ആനൂകൂല്യങ്ങൾ അനുവദിച്ച് കർഷകർക്ക് കൈത്താങ്ങാകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam