
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് പൊതു യുക്തിയുടെ ലംഘനമാണ് എന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണം കൂടിയാണ്.
പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി, മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ല. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എൻസിആര്‍ടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്.
പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല; അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ അർഹമാണ്. എൻസിആര്‍ടി ഈ തീരുമാനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഒരു ഉപകരണമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam