
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഭക്തിനിർഭരമായ തുടക്കം. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കലയുടെയും സംസ്കാരത്തിൻ്റെയും മലയാളികളുടെ ആതിഥ്യ മര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വള്ളസദ്യ കഴിക്കാൻ ജാതി-മത ഭേദമന്യേ തീർത്ഥാടകർ എത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ആൻ്റോ ആൻ്റണി എം.പി., അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. എന്നിവർ തൂശനിലയിൽ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും കലയുടെയും ആഘോഷമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടത്തുന്ന വള്ളസദ്യയും മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, മുൻ എം.എൽ.എ.മാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ഇന്ദിരാദേവി, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി. ടോജി, എ.ഡി.എം. ബി. ജ്യോതി, ഡി.എം. ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ആർ. രേവതി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പള്ളിയോട സേവാ സംഘം പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആദ്യദിനം ഏഴ് പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്. കോഴഞ്ചേരി പള്ളിയോടമാണ് ആദ്യം എത്തിയത്. ക്ഷേത്രത്തിൻ്റെ 52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിൻ്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിയോടങ്ങൾക്ക് സംരക്ഷണം നൽകി ഫയർ ആൻഡ് സേഫ്റ്റി സ്കൂബ ടീം പമ്പാ നദിയിൽ സജ്ജമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam