
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന് നൽകിയിരുന്ന ഇളവ് റദ്ദാക്കി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പോലീസ് അകമ്പടിയോട് കൂടി പരോൾ അനുവദിക്കണമെന്നായിരുന്നു സുഗതന്റെ അപേക്ഷ. എന്നാൽ ആഭ്യന്തര വകുപ്പ് ഈ ഫയൽ കൈമാറിയപ്പോൾ, തദ്ദേശ വകുപ്പ് സുഗതന്റെ അവധി അപേക്ഷ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ട് വോട്ടിന് ഇടാമെന്നും വോട്ടിൽ വിജയിച്ചാൽ അയോഗ്യത ഭീഷണി നീങ്ങുമെന്നും ഉപദേശം നൽകി. പരോൾ നൽകേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലിൽ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നൽകിയത്.
ആ ഉപദേശം അതേപടി പകർത്തിയെഴുതി ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയാണ് സുഗതന് പിടിവള്ളിയായതും. സുഗതന്റെ അവധി അപേക്ഷ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന്റെ കൗൺസിലിലേക്ക് വരുകയും വോട്ടിൽ വിജയിക്കുകയും ചെയ്തത്. അതോടുകൂടി സുഗതന്റെ അയോഗ്യത ഭീഷണി മാറുകയായിരുന്നു. ഈ നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് തദ്ദേശ വകുപ്പ് നൽകിയ ഉപദേശം റദ്ദാക്കുകയും ഫയലിൽ കുറിപ്പെഴുതിയ അണ്ടർ സെക്രട്ടറി ചിത്ര. പി. അരുണിമയെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് തദ്ദേശ വകുപ്പിന്റെ അഭിപ്രായ പ്രകാരം ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കത്തും മുൻ ഉത്തരവും റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയത്. അതേസമയം ആഭ്യന്തര വകുപ്പിൽ നിന്ന് കത്ത് പുറത്തിറക്കിയ അണ്ടർ സെക്രട്ടറിക്കെതിരെ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam