
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി. കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്‍റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിർമിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുളളവർ ഗൃഹപ്രവേശ ചടങ്ങിനെത്തും.
ഒരു വഴിപോലുമില്ലാതെ തകർച്ചയിലായ ഒറ്റമുറി വീടായിരുന്നു ജോയിയുടേത്. ഒരാൾക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാൻ പ്രയാസമായിരുന്നു. സഹോദരന്‍റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാർക്ക് അന്ത്യോപചാരമൊരുക്കാൻ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ ചോർന്നൊലിക്കുന്ന വീട്ടിൽ തനിച്ചായ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോർപ്പറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ ശുപാർശയാണ് സർക്കാർ അംഗീകരിച്ച് നടപ്പാക്കിയത്. കഴിഞ്ഞ വർഷം ജൂലൈ 12നാണ് ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്.മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam