ചിറയിൻകീഴ് ദുരഭിമാന മർദ്ദനം; ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല, ദീപ്തിയുടെയും ഭർത്താവിൻ്റെയും മൊഴി എടുത്തു

By Web TeamFirst Published Nov 4, 2021, 2:56 PM IST
Highlights

തിരുവനന്തപുരത്തെ ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ദീപ്തിയുടെ പരാതി. മർദ്ദനം ഉണ്ടായ ദിവസം തന്നെ പ്രതി ഡാനിഷിന്‍റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല

തിരുവനന്തപുരം: ചിറയിൻകീഴിലെ ദുരഭിമാന മർദ്ദനക്കേസിൽ (Honor Attack) ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. മർദ്ദനമേറ്റ മിഥുൻ, ഭാര്യ ദീപ്തി (Deepthi) എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് കടന്ന ദീപ്തിയുടെ സഹോദരൻ ഡോ ഡാനിഷിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി (police negligence) ദീപ്തി ഉന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. 

Read More: Honor Attack | ഡോക്ടർ ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു, പൊലീസ് അലംഭാവത്തിനെതിരെ പരാതി നൽകുമെന്ന് ദീപ്തി

തിരുവനന്തപുരത്തെ ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ദീപ്തിയുടെ പരാതി. മർദ്ദനം ഉണ്ടായ ദിവസം തന്നെ പ്രതി ഡാനിഷിന്‍റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. പരാതി കിട്ടാത്ത് കൊണ്ടാണ് നടപടയിലേക്ക് പോകാത്തതെന്നായിരുന്നു പൊലീസിന്‍റെ വിചിത്ര വാദം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് ഡാനിഷ് തമിഴ്നാട്ടിലേക്ക് മുങ്ങിയത്. 

കഴിഞ്ഞ മാസം 31നാണ്  ഡാനിഷ് സഹോദരി ദീപ്തിയെയും ഭർത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അക്രമ വിവരം അറിഞ്ഞ് സംഭവം നടന്ന ചിറയിൻകീഴ് ബീച്ച് റോഡിലേക്ക് പൊലീസ് എത്തി. സമീപവാസികളോട് വിവരം ചോദിച്ച ശേഷം ഡാനിഷ് താമസിക്കുന്ന വീട്ടിലെത്തി കാര്യം തിരക്കി മടങ്ങി. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കാതെ പൊലീസ് കാണിച്ച ഈ ഉദാസീനതയാണ് ഡാനിഷിന് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. 

എന്താണ് ഇയാളെ  അപ്പോള്‍ കസ്റ്റഡിയിലെടുക്കാത്ത് എന്ന ചോദ്യത്തിന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ചിറയൻകീഴ് എസ്എച്ച്ഒ നല്‍കിയ മറുപടി. മിഥുനെ ആശുപത്രിയിലാക്കി പിറ്റേദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. 

അന്ന് കേസെടുത്ത പൊലീസ് പക്ഷേ മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ല. ഇന്നലെ ദീപ്തി ചിറയിൻകീഴ് പ്രസ്ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഡാനിഷ് മുങ്ങിയത്. ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ചിറയിൻകീഴ് പൊലീസിന്‍റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. പൊലീസിന്‍റെ വീഴ്ചയ്ക്കെതിരെ ദീപ്തി ആറ്റിങ്ങൽ ഡിവൈഎസ്പിക്കും തിരുവനന്തപുരം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

click me!