Rain Alert| ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു; സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

By Athira PNFirst Published Nov 4, 2021, 2:11 PM IST
Highlights

ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. പത്താം തീയതിയോടെ പുതിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിൽ നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

മറ്റന്നാൾ വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.  നിലവിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. പത്താം തീയതിയോടെ പുതിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും.

 മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്

അതേ സമയം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണുണ്ടായത്. 138.65 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ സ്പിൽവേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. മഴ ശക്തമായാൽ കൂടുതൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കിയേക്കും.

 

 

 

click me!