Latest Videos

കർഷകരെ തുടർച്ചയായി പറ്റിച്ച് ഹോർട്ടികോർപ്പ്, കര്‍ഷകര്‍ക്ക് നൽകാനുള്ളത് 4.77 കോടി രൂപ

By Web TeamFirst Published Feb 7, 2023, 6:00 AM IST
Highlights

പത്ത് മാസമായി കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് ഉത്പന്നങ്ങൾ വിൽക്കുന്നത് പണം കിട്ടാതെ

തിരുവനന്തപുരം: കര്‍ഷകരെ വീണ്ടും പറഞ്ഞുപറ്റിച്ച് കൃഷിമന്ത്രി. ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ള പണം മുഴുവൻ കൊടുത്തു തീര്‍ക്കുമെന്ന വാഗ്ദാനമാണ് പാഴായത്. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം.

 

കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിദര്‍ശൻ പരിപാടിയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ഉറപ്പിന് ശേഷം ഒരാഴ്ചയായിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് നാലുകോടി 77 ലക്ഷം രൂപയാണ്. 

നെടുമങ്ങാട് കാര്‍ഷിക മൊത്ത വിതരണ ചന്തയിൽ ഡിസംബര്‍ 31വരെ 239 കര്‍ഷകര്‍ക്ക് 77 ലക്ഷം രൂപ ഹോര്‍ട്ടികോര്‍പ്പ് നൽകണം. പത്ത് മാസമായി കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന് ഉത്പന്നങ്ങൾ വിൽക്കുന്നത് പണം കിട്ടാതെയാണ്. നെടുമങ്ങാട് കൃഷിദര്‍ശൻ പരിപാടി കാര്‍ഷിക ചന്തയിൽ നടത്താതെ മറ്റൊരുസ്ഥലത്ത് നടത്തിയത് പ്രതിഷേധം ഭയന്നാണെന്നും കര്‍ഷകര്‍ പറയുന്നു. 

കുടിശ്ശിക പണം കര്‍ഷകരിലേക്ക് എത്തുന്നതിന് ചെക്ക് മാറിവരുന്ന സമയം മാത്രമാണ് വേണ്ടി വരുന്നതെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം. കുടിശ്ശിക ഉടൻ കിട്ടുമെന്ന് കൃഷിവകുപ്പ് ഉറപ്പ് പറയുമ്പോഴും വരും മാസങ്ങളിലും മുടക്കമില്ലാതെ പണം കിട്ടാനുള്ള സംവിധാനം എവിടെയാണെന്നാണ് കര്‍ഷകരുടെ ചോദ്യം.

കർഷകരെ വീണ്ടും പറ്റിച്ച് സപ്ലൈകോ; നെല്ല് സംഭരിച്ച് മാസം 3 ആയി, വില നൽകിയില്ല, നൽകാനുള്ളത് 90 കോടി

click me!