
മാനന്തവാടി: വയനാട് കൽപറ്റ ഫാത്തിമ മാതാ ആശുപത്രിയിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. തങ്കച്ചന് ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പി.എഫിന് തങ്കച്ചൻ അപേക്ഷിച്ചിട്ടില്ലെന്നും ആത്മഹത്യ കുറിപ്പിനെ കുറിച്ച് അറിയില്ലെന്നും അധികൃതർ വ്യക്തമാക്കി. മാനേജ്മെൻ്റും ജീവനക്കാരുമായി
തങ്കച്ചന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ശാരീരിക പ്രശ്നങ്ങൾ കാരണം തങ്കച്ചൻ മാനസിക പ്രയാസത്തിൽ ആയിരുന്നുവെന്ന് പിആർഒ പറഞ്ഞു.
ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ ലോൺഡ്രി മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ആശുപത്രിയിൽ തങ്കച്ചന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
ഫാത്തിമ മാതാ ആശുപത്രിയിൽ മെയിന്റനൻസ് വിഭാഗത്തിൽ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചൻ. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ഇദ്ദേഹം ലോൺഡ്രി മുറിയുടെ താക്കോൽ വാങ്ങിയ ശേഷം ഇവിടെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. മരിക്കുന്നതിന് മുമ്പ് തങ്കച്ചൻ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ താൻ വീട്ടിലില്ലായിരുന്നുവെന്നും അതിനാൽ സന്ദേശം വായിക്കാൻ വൈകിയെന്നുമാണ് ഇദ്ദേഹം പറയുന്നത്.
തങ്കച്ചന് ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജി ആരോപിച്ചു. ഇതേ തുടര്‍ന്ന് തങ്കച്ചൻ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജോലി സ്ഥലത്ത് യാതൊരു പ്രയാസവും തങ്കച്ചൻ നേരിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.