
തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ചികിത്സക്കിടെ നഗ്നത പ്രദർശിപ്പിച്ച കേസിൽ അനന്തു അനിൽകുമാർ എന്ന പ്രതിയാണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് ആറ്റിങ്ങൽ സബ്‍ജയിലിൽ റിമാർഡ് ചെയ്തു.
ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇ സഞ്ജീവനി പോർട്ടൽ വഴിയുള്ള ചികിത്സക്കിടെയാണ് ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞതിങ്ങനെ- "ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു ഞാൻ. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാണ്. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നാണ് അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ, വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവർത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്സിൽ 'എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ'ന്ന മെസേജ് വന്നു. പിന്നാലെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നൽകി. 10 ദിവസത്തിന് ശേഷമാണ് എഫ്ഐആർ ഇട്ടത്".
ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ കാണിച്ച രാഹുല്‍ എന്ന പേര് വ്യാജമാണെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. താൻ പരാതി നല്‍കി എന്നറിഞ്ഞതിന് പിന്നാലെ, കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. 2022 ല്‍ കോട്ടയത്തിന് വച്ച് ബൈക്കില്‍ യാത്ര ചെയ്യവേ വഴിയാത്രക്കാരായ പെണ്‍കുട്ടികളോട് സമാനമായ രീതിയില്‍ ഇയാള്‍ പെരുമാറിയതിന്‍റെ പേരില്‍ കേസുണ്ട്. ബിരുദാനന്തര ബിരുദ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നും ഡോക്ടർ പറയുകയുണ്ടായി.
പ്രതി ആരെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. തമ്പാനൂർ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം പറഞ്ഞ് കേസ് കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam