ഹോട്ടൽ ബില്ല് വിവാദം; ഭക്ഷണത്തിന്‍റെ പണം നൽകിയാണ് മടങ്ങിയത്, വി ടി ബൽറാമിന് മറുപടിയുമായി ചിത്തരഞ്ജൻ

Published : Apr 04, 2022, 09:07 AM ISTUpdated : Apr 04, 2022, 09:19 AM IST
ഹോട്ടൽ ബില്ല് വിവാദം; ഭക്ഷണത്തിന്‍റെ പണം നൽകിയാണ് മടങ്ങിയത്, വി ടി  ബൽറാമിന് മറുപടിയുമായി ചിത്തരഞ്ജൻ

Synopsis

ഭക്ഷണം കഴിച്ച ശേഷം താൻ പണം നൽകിയില്ല എന്ന വി ടി ബൽറാമിൻ്റെ പരാമർശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണെന്നും പണം നൽകിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ചിത്തരഞ്ജൻ.

ആലപ്പുഴ: ഹോട്ടൽ ബില്ല് വിവാദത്തിൽ വിശദീകരണവുമായി ചിത്തരഞ്ജൻ എംഎൽഎ. ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകൾ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. ചിലര്‍ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകൾക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്‍റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എംഎല്‍എ വ്യക്തമാക്കി.

ഓസിന് കഴിക്കുന്നവരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ചിത്തരഞ്ജൻ എംഎൽഎ നമസ്തേ കേരളത്തില്‍ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം താൻ പണം നൽകിയില്ല എന്ന മുൻ എംഎൽഎ വി ടി ബൽറാമിൻ്റെ പരാമർശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണെന്നും പണം നൽകിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ചിത്തരഞ്ജൻ എംഎൽഎ പറ‍ഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ തൻ്റെ ധാർമികരോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിശദീകരണം.

ചിത്തരഞ്ജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരിൽ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിർത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാൻ എന്ന വിവരം സൂചിപ്പിക്കട്ടെ. 

ഞാൻ ചെയ്ത തെറ്റെന്താണ് ?. സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയിൽ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോൾ, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോൾ ബില്ലിൻ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം. 
എന്നാൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോ ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ ഞാൻ വെറുമൊരു പുഴു മാത്രം. 

സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാർമ്മിക രോഷമാണ് ഞാൻ പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവർത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവർ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങൾക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന്  ഓർമ്മിപ്പിക്കട്ടെ..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്