വാണിജ്യ സിലിണ്ടറുകളിലെ തൂക്കത്തില്‍ കൃത്രിമം; വര്‍ഷം ലക്ഷങ്ങളുടെ നഷ്ടമെന്ന് ഹോട്ടലുടമ

Published : Feb 16, 2022, 03:03 PM ISTUpdated : Feb 16, 2022, 03:15 PM IST
വാണിജ്യ സിലിണ്ടറുകളിലെ തൂക്കത്തില്‍ കൃത്രിമം; വര്‍ഷം ലക്ഷങ്ങളുടെ നഷ്ടമെന്ന് ഹോട്ടലുടമ

Synopsis

 ഇലക്ട്രിക്ക് ത്രാസ് ഉപയോഗിച്ച് സിലിണ്ടറുകൾ തൂക്കി നോക്കിയപ്പോഴാണ് സിലിണ്ടറുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് മനസിലായതെന്ന് ഹോട്ടലുടമ പറഞ്ഞു.  


തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളിൽ നിന്ന് പതിയെ കരയകയറുന്ന ഹോട്ടൽ വ്യാപാരികൾക്ക് തിരിച്ചടിയായി വ്യാവസായിക പാചകവാതക ഗ്യാസ് സിലിണ്ടറുകളിലെ തൂക്കത്തില്‍ കൃത്രിമം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഹോട്ടലിൽ വിതരണം ചെയ്ത ഭാരത് ഗ്യാസിന്‍റെ വാണിജ്യ പാചകവാതക സിലിണ്ടറിലെ ഗ്യാസിന്‍റെ അളവിലാണ് കൃത്രിമത്വം ശ്രദ്ധിക്കപ്പെട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി സിലിണ്ടറിന്‍റെ ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂക്കത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. 

ബാലരാമപുരം റിലയൻസ് പെട്രോൾ പമ്പിന് മുൻവശമുള്ള മീന ബേക്കറി & റെസ്റ്റോറന്‍റ് എന്ന സ്ഥാപനത്തിൽ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറുകളിലാണ് സാധാരണയില്‍ കുറഞ്ഞ തൂക്കം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൃത്രിമത്വം കണ്ടെത്തി. ഓരോ സിലിണ്ടറിലും 10 കിലോയിലധികം കുറവുണ്ടെന്ന് ഹോട്ടലുടമ ആരോപിക്കുന്നു. 1920 രൂപ നൽകിയാണ് ഓരോ സിലിണ്ടറും വാങ്ങുന്നത്. വാണിജ്യാവശ്യത്തിന് ഗ്യാസെടുക്കുന്നവര്‍ക്ക് കണക്ക് പ്രകാരം 1,000 രൂപയ്ക്കടുത്ത് ഓരോ സിലിണ്ടറിലും നഷ്ടമാണെന്നും മീന ബേക്കറി & റെസ്റ്റോറന്‍റ് ഉടമ കുമാർ ആരോപിക്കുന്നു. 

ബാലരാമപുരത്തെ സ്വകാര്യ ഏജൻസി വിതരണം ചെയ്ത സീൽ പോട്ടിക്കാത്ത 5 വാണിജ്യ പാചകവാതക സിലിണ്ടറുകളിൽ 3 എണ്ണത്തിലാണ് ഗ്യാസിന്‍റെ അളവില്‍ കുറവ് കണ്ടെത്തിയത്തെന്ന് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ജീവനക്കാർ ഗ്യാസ് അനാവശ്യമായി ഉപയോഗിക്കുന്നതിനാലാണ് പെട്ടെന്ന് കഴിയുന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സ്ഥാപനത്തിൽ പുതിയതായി എത്തിയ ഷെഫാണ് സിലിണ്ടറിന്‍റെ ഭാരത്തിൽ കുറവുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇലക്ട്രിക്ക് ത്രാസ് ഉപയോഗിച്ച് സിലിണ്ടറുകൾ തൂക്കി നോക്കി. അപ്പോഴാണ് സിലിണ്ടറുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് മനസിലായതെന്നും കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി ഭാരത് ഗ്യാസ് സിലിണ്ടറുകൾ ആണ് ഉപയോഗിക്കുന്നത്. ഒരു മാസം 50 മുതൽ 60 ഗ്യാസ് സിലിണ്ടറുകൾ വരെ എടുക്കുന്നുണ്ട്. ഇത്തരത്തിൽ നഷ്ടം കണക്കാക്കിയാൽ ഒരു വർഷം ലക്ഷങ്ങളുടെ നഷ്ടം തനിക്ക് മാത്രം ഉണ്ടയിട്ടുള്ളതായി കുമാർ പറയുന്നു. നിരവധി സ്ഥാപനങ്ങൾ ഇത്തരത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്നുണ്ട്. ഇവരുടെ അവസ്ഥയും ഇതുപോലെ ആയിരിക്കുമെന്നും അദേഹം പറഞ്ഞു. 

സംഭവത്തിൽ ഗ്യാസ് വിതരണ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ബോട്ടിലിങ് പ്ലാന്‍റില്‍ നിന്ന് നേരിട്ട് ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും സിലിണ്ടറുകൾ സൂക്ഷിച്ച് വയ്ക്കാറില്ലെന്നുമാണ് മറുപടി ലഭിച്ചതെന്നും കുമാർ പറഞ്ഞു. തുടർന്ന് ഭാരത് ഗ്യസിന്‍റെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബോട്ടിലിങ് പ്ലാന്‍റുമായി ബന്ധപ്പെട്ടപ്പോൾ പ്ലാന്‍റിൽ കമ്പ്യൂട്ടർ സഹായത്തോടെ കൃത്യമായി തൂക്കം നോക്കിയാണ് ഓരോ സിലിണ്ടറുകൾ നിറയ്കുന്നതെന്നും അതിനാൽ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റല്ലെന്ന മറുപടിയാണ് ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ