Hijab Row : 'ഹിജാബ് അഴിപ്പിക്കില്‍ കടുത്ത അനീതി'; നടപടി പ്രാകൃതവും ലജ്ജാകരമെന്നും പാളയം ഇമാം

Published : Feb 16, 2022, 02:55 PM IST
Hijab Row : 'ഹിജാബ് അഴിപ്പിക്കില്‍ കടുത്ത അനീതി'; നടപടി പ്രാകൃതവും ലജ്ജാകരമെന്നും പാളയം ഇമാം

Synopsis

ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ കടുത്ത അനീതിയും വിവേചനവുമാണ്. ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്‍റെ വികാരം വൃണപ്പെടുത്തുക മാത്രമല്ലെന്നും നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും ഇമാം.

തിരുവനന്തപുരം: ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി (Palayam Imam V P Suhaib Moulavi). ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്‍റെ ലംഘനമാണിത്. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്യം അനുവദിച്ച് കൊടുത്തുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് നീങ്ങിയത്. പൂണുല്‍ ധരിക്കുന്നവരും പൊട്ട് തൊടുന്നവരും രുദ്രാക്ഷം കെട്ടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ കടുത്ത അനീതിയും വിവേചനവുമാണ്. ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്‍റെ വികാരം വൃണപ്പെടുത്തുക മാത്രമല്ലെന്നും നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിജാബ് വിഷയത്തില്‍ ഗവർണർക്കെതിരെ  മുസ്ലീം ലീഗ് രംഗത്തെത്തി. മറ്റൊരു സംസ്ഥാനത്തെ ഹിജാബ് വിഷയം ഉപയോഗിച്ച് ഇവിടെ വിവാദമുണ്ടാക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഔചിത്യമില്ലായ്മയാണ് ഗവർണർ കാണിക്കുന്നത്. ഇന്ന് ഗവർണർ പറയുന്നത് നാളെ ബിജെപി ഏറ്റെടുത്താൽ എന്താവും സ്ഥിതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഹിജാബ് സംബന്ധിച്ച് ഗവർണർക്കുള്ളത് പരിമിത അറിവാണെന്നും മുസ്ലീം ലീഗിനെ വിമർശിക്കുന്നതിനു മുമ്പ് മുസ്ലീം ലീഗിൻ്റെ ചരിത്രവും മുസ്ലീം ലീഗ് നാട്ടിലുണ്ടാക്കിയ മാറ്റവും ഗവർണർ പഠിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറ‌ഞ്ഞു.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകത്തില്‍ ഇന്നും പരീക്ഷ എഴുതിച്ചില്ല. ഹിജാബ് അഴിച്ചുമാറ്റാതെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് അധ്യാപകര്‍ അറിയിച്ചത്. പത്താം ക്ലാസ് മാതൃക പരീക്ഷയും ബിരുദ തലത്തിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് ഉണ്ടായിരുന്നത്. ഇതുവരെ ഹിജാബ് ധരിച്ചാണ് പരീക്ഷ എഴുതിയിട്ടുള്ളതെന്നും ഹിജാബ് അഴിച്ചുമാറ്റില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ നിലപാട് എടുത്തതോടെ വാക്കുതര്‍ക്കമായി. പരീക്ഷാഹാളിന് മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചെങ്കിലും ആരെയും ഇതിന് അനുവദിച്ചില്ല. കുടകില്‍ 38 വിദ്യാര്‍ത്ഥികളും വിജയപുരയില്‍ 26 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഉഡുപ്പിയിലും ബിജാപുരയിലും തുംക്കുരുവിലും ഹിജാബ് ധരിച്ചവരെ പരീക്ഷാഹാളില്‍ കയറ്റിയില്ല.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സംസ്ഥാന വ്യാപകമായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ക്ലാസ് ബഹിഷ്കരിച്ചു. ചിലയിടങ്ങളില്‍ അധ്യാപകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതിനിടെ ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കര്‍ണാടക ബിജെപി അധ്യക്ഷന്‍ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത് വിവാദമായി. ഹര്‍ജി നല്‍കിയ ആറ് പേരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും രക്ഷിതാക്കളുടെ ഗൂഡാലോചനയാണ് പിന്നില്ലെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രം സഹിതം പരസ്യപ്പെടുത്തിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം