
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് കേസ്. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഷൈന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന സൂചനകൾ.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.
എന്നാല്‍, ഷൈന്‍റെ ഈ മൊഴികളെ ഒന്നും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് കേസ് എടുത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് എടുത്തതോടെ ഷൈന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്താനാകും. കേസിന്‍റെ മുന്നോട്ട് പോക്കില്‍ ഈ പരിശോധന ഫലം നിര്‍ണായകമാണ്. നിലവിൽ ചുമത്തിയ രണ്ട് കുറ്റങ്ങളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഷൈന്‍റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.
ചോദ്യം ചെയ്യലിന് മുന്നോടിയായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ ഷൈനെതിരെയുള്ള കുരുക്ക് മുറുക്കുന്നതായിരുന്നു. വാട്സ് ആപ്പ് ചാറ്റും ഗുഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ചപ്പോൾ ഷൈനെതിരെ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് സൂചന. ഒപ്പം ഷൈന്‍റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസെടുക്കാനുള്ള കാരണമായിട്ടുണ്ട്. മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് ഈ നടപടി. എഫ്ഐആര്‍ എടുത്ത ശേഷം ഷൈന്‍റെ നഖത്തിന്‍റെ മുടിയുടെയും ഒക്കെ സാമ്പിളുകൾ എടുക്കുകയും ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam