സ്വര്‍ണ്ണം കടത്തുന്നത് ഈ മാര്‍ഗങ്ങളിലൂടെ; വിവാദച്ചൂടിലും സ്വര്‍ണ്ണക്കടത്ത് സജീവം, കാരണം ഇതാണ്

Published : Jul 11, 2020, 09:32 AM IST
സ്വര്‍ണ്ണം കടത്തുന്നത് ഈ മാര്‍ഗങ്ങളിലൂടെ; വിവാദച്ചൂടിലും സ്വര്‍ണ്ണക്കടത്ത്  സജീവം, കാരണം ഇതാണ്

Synopsis

 പിടിക്കപ്പെടാതിരിക്കാന്‍ മിശ്രിത രൂപത്തിലാക്കിയാണ് ഏതാനും വര്‍ഷങ്ങളായി പ്രധാനമായും സ്വര്‍ണ്ണം കടത്തുന്നത്. ഒറ്റനോട്ടത്തില‍് കളിമണ്ണാണെന്ന് തോന്നും. സ്വര്‍ണ്ണം നന്നായി പൊടിച്ച് പ്രോട്ടീന്‍ പൗഡര്‍, പശ, മൈദ എന്നിവയെല്ലാം ചേര്‍ത്താണ് ഈ മിശ്രിതമുണ്ടാക്കുന്നത്. 

കോഴിക്കോട്: നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത് വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും വിമാനത്താവളങ്ങളില്‍  കള്ളക്കടത്ത് സജീവമാവുകയാണ്. ഇതിന് കാരണം സ്വര്‍‌ണ്ണക്കടത്തില്‍ ലഭിക്കുന്ന കനത്ത ലാഭമാണ്. വിമാനത്താവളത്തില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കള്ളക്കടത്ത് നടത്തുന്ന വഴികള്‍ അറിഞ്ഞാല്‍ സാധാരണക്കാര്‍ അത്ഭുതപ്പെടും. ഒരു രീതി പിടിക്കപ്പെട്ടാല്‍ പുതു തന്ത്രം പയറ്റുന്ന കള്ളക്കടത്തുകാരെ കുടുക്കാന്‍ കസ്റ്റംസിന് പലപ്പോഴും കഴിയുന്നത് ഒറ്റുകാര്‍ നല്‍കുന്ന വിവരങ്ങളാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒറ്റ ദിവസം പിടികൂടിയത് 3807 ഗ്രാം സ്വര്‍ണ്ണമാണ്. അതായത് ഒരു കോടി 84 ലക്ഷത്തില്‍ അധികം രൂപയുടെ സ്വര്‍ണ്ണം.  കൊവിഡ് കാലം, വിമാനങ്ങള്‍ കുറവ് തുടങ്ങിയവയൊന്നും സ്വര്‍ണ്ണക്കടത്തുകാരെ ബാധിക്കുന്നേയില്ല. യു.എ.ഇ, ഖത്ത‍ര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കൂടുതലും സ്വര്‍ണ്ണമെത്തുന്നത്.

കോഫി മേക്കറിനുള്ളിലും ചെരിപ്പിലും ഒളിപ്പിച്ച് സ്വര്‍ണ്ണമെത്തിക്കുന്നു. വാച്ചിലും കാരക്കപൊതിയിലും ബാറ്ററിയിലും വരെ സ്വര്‍ണ്ണം. കടലാസിനേക്കാള്‍ കനം കുറച്ച് പെട്ടിയില്‍, തരികളാക്കി ടാങ്ങ് കുപ്പിയില്‍, പൊടിയായി ഗ്രീസിനുള്ളില്‍ ഏത് രൂപത്തിലും സ്വര്‍ണ്ണമെത്തും. അതിനുള്ള സാങ്കേതിക വിദ്യകളെല്ലാം തന്നെ ഈ കടത്തുകാര്‍ക്കുണ്ട്. ഇത്രയും ബുധിമുട്ടി സ്വര്‍ണ്ണമെത്തിക്കാന്‍ കാരണം ടാക്സ് വെട്ടിച്ചുള്ള ഈ സ്വര്‍ണ്ണക്കടത്തിലെ കനത്ത ലാഭം തന്നെയാണ്.

കരിയര്‍മാര്‍ക്ക് നല്‍കുന്ന തുക, വിമാന ടിക്കറ്റുകളുടെ ചെലവുകള്‍, കരിയര്‍മാരുടേയു മറ്റും താമസ, ഭക്ഷണ ചെലവുകള്‍, ഇടനിലക്കാര്‍ക്കുള്ള വിഹിതം തുടങ്ങി സ്വര്‍ണ്ണക്കടത്തുകാരുടെ ചെലവുകള്‍ ഒഴിവാക്കിയാലും കനത്ത ലാഭം തന്നെയാണ് ഉണ്ടാകുക. ഒരു കിലോ സ്വര്‍ണ്ണത്തിന് ചുരുങ്ങിയത് നാലേമുക്കാല്‍ ലക്ഷം രൂപയാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ലാഭം.

കസ്റ്റംസ് പിടിമുറിക്കയതോടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം ഉപയോഗപ്പെടുത്തുന്നു കള്ളക്കടത്ത് സംഘം. പിടിക്കപ്പെടാതിരിക്കാന്‍ മിശ്രിത രൂപത്തിലാക്കിയാണ് ഏതാനും വര്‍ഷങ്ങളായി പ്രധാനമായും സ്വര്‍ണ്ണം കടത്തുന്നത്. ഒറ്റനോട്ടത്തില‍് കളിമണ്ണാണെന്ന് തോന്നും. സ്വര്‍ണ്ണം നന്നായി പൊടിച്ച് പ്രോട്ടീന്‍ പൗഡര്‍, പശ, മൈദ എന്നിവയെല്ലാം ചേര്‍ത്താണ് ഈ മിശ്രിതമുണ്ടാക്കുന്നത്. 

മലദ്വാരത്തില്‍ ഒളിപ്പിച്ചോ, ദേഹത്ത് കെട്ടിവച്ചോ, അടിവസ്ത്രത്തില്‍ ഒളിപ്പിച്ചോ ഈ മിശ്രിത സ്വര്‍ണ്ണം കൊണ്ടുവരാന്‍ എളുപ്പം. ദേഹപരിശോധനയിലോ, രഹസ്യ വിവരത്തെ തുടര്‍ന്നോ മാത്രമേ ഇത്തരം മിശ്രിത സ്വര്‍ണ്ണം കണ്ടെത്താനാവൂ. അതായത് മെറ്റല്‍ ഡിറ്റക്ടര്‍ വഴി കടന്ന് വന്നാലും ഈ മിശ്രിത സ്വര്‍ണ്ണം കണ്ടെത്താനാവില്ല. 

വിമാനത്താവളങ്ങള്‍ വഴി രണ്ട് വര്‍ഷം തുടര്‍ച്ചയായി മിശ്രിത സ്വര്‍ണ്ണം കടത്തിയ ശേഷമാണ് ആദ്യമായി അധികൃതരുടെ പിടി വീഴുന്നത് പോലും. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ വിമാനത്താവളത്തില്‍ പിടിച്ചപ്പോള്‍ മാത്രമാണ് ഇത്തരമൊരു സ്വര്‍ണ്ണക്കടത്ത് രീതി തന്നെ അധികൃതര്‍ മനസിലാക്കുന്നത്. ഓരോ രീതികളും പിടിക്കപ്പെടുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട കള്ളക്കടത്ത് സംവിധാനങ്ങള്‍ സംഘം കണ്ടെത്തുകയും ചെയ്യും. കാരണം ഓരോ സ്വര്‍ണ്ണക്കടത്തിലും ലാഭം കൊയ്യുന്നത് ലക്ഷങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം