വോട്ടെണ്ണൽ ഓരോ കേന്ദ്രങ്ങളിലും എങ്ങനെയാണ് നടക്കുന്നത്? നടപടിക്രമങ്ങൾ എന്തൊക്കെ? ഫലം വരുന്നത് എങ്ങനെ? അറിയാം

Published : May 03, 2026, 08:02 AM IST
vote

Synopsis

സംസ്ഥാനത്താകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. 15,465 ഉദ്യോഗസ്ഥരാണ് എണ്ണാൻ ഉണ്ടാവുക. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ കഴിയും വരെ ഇടവേളയില്ല.

കാത്തിരിപ്പിന്‍റെ നാളുകൾ അവസാനിക്കുന്നു. ഇത് ഉദ്വേഗത്തിന്‍റെ മണിക്കൂറുകളാണ്. വോട്ട് എണ്ണുന്നതിലേക്കാണ് എല്ലാവരുടെയും നോട്ടം. 140 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നത് എങ്ങനെയാണെന്നും ഫലം എപ്പോൾ വരുമെന്നും അറിയാം.

  1. സംസ്ഥാനത്താകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. 15,465 ഉദ്യോഗസ്ഥരാണ് എണ്ണാൻ ഉണ്ടാവുക. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ കഴിയും വരെ ഇടവേളയില്ല.

2. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറക്കലാണ് ആദ്യം ചെയ്യുക. രാവിലെ ആറ് മണിക്ക് ഉദ്യോഗസ്ഥരെത്തും.

3. ഏഴ് മണിക്ക് സ്ഥാനാർത്ഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ, നിരീക്ഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി, വീഡിയോ റെക്കോഡിങ് നടത്തി സ്ട്രോങ് റൂം തുറക്കും.

4. വോട്ടിങ് യന്ത്രം വോട്ടെണ്ണൽ ടേബിളിൽ എത്തിക്കുന്നത് വരെയുളള എല്ലാ നടപടിയും വീഡിയോ റെക്കോഡ് ചെയ്യാറുണ്ട്.

5. ഒരു ഹാളിൽ ഇവിഎമ്മുകൾ എണ്ണാൻ പരമാവധി 14 മേശകളുണ്ടാകും. ഓരോ മേശയിലും ഒരു ഇവിഎം വീതം ഉണ്ടാകും. എല്ലാം ഒരേ സമയമാണ് എണ്ണുക. അതാണ് ഒരു റൗണ്ട്. അങ്ങനെ ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക.

6. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളാണ്.

7. പരമാവധി 500 പോസ്റ്റൽ ബാലറ്റുകളെ ഒരു ടേബിളിൽ എണ്ണാൻ പാടുളളൂ എന്നുണ്ട്. അപ്പോൾ 2000 പോസ്റ്റൽ ബാലറ്റുകളാണ് ഒരു മണ്ഡലത്തിലെങ്കിൽ നാല് ടേബിളുകൾ ഇതിനായി സജ്ജീകരിക്കും.

8. പോസ്റ്റൽ വോട്ടുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ എട്ട് മണിക്ക് തന്നെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും.

9. അല്ലാത്തയിടങ്ങളിൽ എട്ടരയോടെയാണ് ഇവിഎം എണ്ണിത്തുടങ്ങുക.

10. ഇവിഎമ്മിന്‍റെ കൺട്രോൾ യൂണിറ്റും ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെയെല്ലാം കണക്കുളള ഫോം സെവന്‍റീൻ സിയും കൂടിയാണ് മേശപ്പുറത്ത് വയ്ക്കുക.

11. ഓരോ റൗണ്ടും എണ്ണി പൂർത്തിയാകുമ്പോൾ വിവരങ്ങൾ എൻകോർ സോഫ്റ്റ്‍വെയറിൽ രേഖപ്പെടുത്തും.

12. കൗണ്ടിങ് ഹാളിൽ സ്ഥാനാർത്ഥികളുടെ പേരും റൗണ്ട് നമ്പറും വലിയ ബോർഡിൽ പ്രദർശിപ്പിക്കും.

13. ഓരോ റൗണ്ടിലെയും ഫലം തെരഞ്ഞെടുപ്പ് നിരീക്ഷകൻ സാക്ഷ്യപ്പെടുത്തും വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്യും.

14. ഇവിഎമ്മിലെ വോട്ടും ബൂത്തിൽ പോൾ ചെയ്ത വോട്ടിലും വ്യത്യാസമുണ്ടെന്ന് കണ്ടാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. സ്ഥാനാർത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും വിവിപാറ്റ് സ്ലിപ്പുകളിലുണ്ടാകും.

15. ഇവിഎമ്മിലെ വോട്ടുകൾ എണ്ണിയ ശേഷം 17 സി ഫോമിലെ വിവരങ്ങളുമായി ഒത്തുനോക്കും. ബുത്തിൽ ഇവിഎമ്മിൽ ചെയ്ത വോട്ടുകളുടെ എണ്ണം ഈ ഫോമിൽ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

16. കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും എണ്ണുന്ന രണ്ട് കൺട്രോൾ യൂണിറ്റുകൾ തെരഞ്ഞെടുപ്പ് നിരീക്ഷകൾ ക്രമത്തിലല്ലാതെ തെരഞ്ഞെടുത്ത് പുനപരിശോധിക്കും.

17. ഒരു റൗണ്ടിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമേ അടുത്ത റൗണ്ടിൽ എണ്ണാനുളള യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് കൊണ്ടുവരികയുളളൂ.

18. ഇവിഎമ്മുകളിലെ അവസാന റൗണ്ടും പൂർത്തിയായാൽ ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും പരിശോധിക്കും. ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് ഇത് ചെയ്യുക.

19. മൊബൈൽ ഫോണിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശന വിലക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന് മാത്രമാണ് ഫോൺ കൊണ്ടുപോകാൻ അനുവാദമുളളത്.

20. ഇത്തവണ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃതമായി ആരും പ്രവേശിക്കാതിരിക്കാൻ ക്യു ആർ കോഡുളള ഐഡി കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

21. ത്രിതല സുരക്ഷാ സംവിധാമാണ് ഒരു വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടാവുക. വോട്ടെണ്ണൽ ടേബിളുകളുളള ഹാളിലേക്ക് കയറാൻ ക്യൂ ആർ കോഡുളള ഐഡി കാർഡ് സ്കാൻ ചെയ്യണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും
ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തും