
വീണ്ടും ഒരു പുതുവർഷം വന്നെത്തുകയാണ്. 'പുതുവർഷം' അല്ലെങ്കില്‍ പുതിയ തുടക്കം എന്ന സങ്കൽപ്പം പെട്ടന്ന് ഒറ്റ നാള്‍ കൊണ്ടുണ്ടായതല്ലെന്നും പല പുരാതന സംസ്ക്കാരങ്ങളും ഈ ആശയം വിപുലമായി തന്നെ ആഘോഷിച്ചിരുന്നു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. എന്നാല്‍, ജനുവരി ഒന്ന് വർഷാരംഭമായി ആഘോഷിക്കുന്ന രീതിക്ക് തുടക്കമാകുന്നത് ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറിന്‍റെ വികാസത്തോടെയാണ്. അത് ആയിരക്കണക്കിന് വർഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങളിലൂടെയാണ് സാധ്യമായത്. ലോകത്തെ വിവിധ സംസ്കാരങ്ങൾ, മതം, രാഷ്ട്രീയം, വിശ്വാസം ഇവയുടെയെല്ലാം സ്വാധീനം ഇതിന്റെ ഭാഗമായിട്ടുണ്ട്.
പല പുരാതാന സംസ്ക്കാരങ്ങളും ഒരു പ്രത്യേക ഋതുവിന്‍റെ തുടക്കം പുതിയ വര്‍ഷത്തിന്‍റെ ആരംഭമായി പരിഗണിച്ചിരുന്നു. ഏകദേശം 4,000 വർഷം മുൻപ് പുരാതന മെസൊപ്പൊട്ടേമിയൻ സംസ്കാരത്തില്‍ വസന്തകാല വിഷുവം പുതുവർഷമായി ആഘോഷിച്ചിരുന്നു. 'അകിതു' എന്നാണ് അവര്‍ ഈ ആഘോഷത്തെ വിശേഷിപ്പിച്ചിരുന്നത്. പുരാതന ഈജിപ്തില്‍, നൈൽ നദിയിലെ വെള്ളം ഉയര്‍ന്ന് കൃഷിക്ക് തുടക്കമാകുന്ന കാലം പുതുവർഷമായി ആഘോഷിച്ചിരുന്നതായി കരുതപ്പെടുന്നുണ്ട്. കൂടാതെ വിളവെടുപ്പിന് ശേഷം പുതുവര്‍ഷം എന്ന സമ്പ്രദായവും നിലനിന്നിരുന്നു.
പ്രകൃതിയിലെ പ്രതിഭാസങ്ങളെയും മാറ്റങ്ങളെയും അടിസ്ഥാനമാക്കി കാലം മനസിലാക്കുന്നതായിരുന്നു ആദ്യകാല രീതി. ദിവസങ്ങള്‍ സൂര്യന്‍റെ ഉദയാസ്തമയങ്ങള്‍ കൊണ്ടും മാസങ്ങളും, വര്‍ഷങ്ങളും ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങളും ഋതുഭേദങ്ങളും കൊണ്ടും അന്ന് മനസിലാക്കി. കാലഗണനയിലെ ഈ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി കൃഷിയും മതപരമായ ചടങ്ങുകളും ചിട്ടപ്പെടുത്തി. പല പുരാതന കാലഗണനാ രീതിയും ചന്ദ്രന്റെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ചന്ദ്രന്റെ മാറ്റങ്ങൾ നിരീക്ഷിക്കാൻ എളുപ്പമായിരുന്നതായിരിക്കാം ഇതിന് കാരണം. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെ അല്ലെങ്കിൽ ഒരു പൗർണ്ണമി മുതൽ അടുത്ത പൗർണ്ണമി വരെ ഒരു ചാന്ദ്രമാസമായി കണാക്കി. ഈ രീതിയിൽ നിന്നാണ് പിന്നീട് ആദ്യകാല കലണ്ടറുകൾ രൂപപ്പെടുന്നത്. എന്നാല്‍ ചന്ദ്രനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഇത്തരം കലണ്ടറില്‍ വർഷത്തില്‍ ഏകദേശം 354 ദിവസമാണുണ്ടാവുക. ഇത് ഋതുഭേദങ്ങളുമായി യോജിക്കാതെ വരുന്നത് പുതിയ രീതികളിലേക്ക് നയിച്ചു.
ചില സംസ്കാരങ്ങൾ ചന്ദ്രന്റെ മാസങ്ങളെയും സൂര്യന്റെ വർഷത്തെയും സംയോജിപ്പിച്ചു. യഹൂദ കലണ്ടർ, ഇന്ത്യൻ പരമ്പരാഗത കലണ്ടറുകളായ ശകവർഷം, കൊല്ലവർഷം, ചൈനീസ് കലണ്ടർ എന്നിവ ഇതിന് ഉദാഹരണമാണ്. ഋതുക്കളുമായി പൊരുത്തപ്പെടുത്താനായി അധിക മാസങ്ങൾ കൂട്ടിച്ചേർത്താണ് ഇതിന് പരിഹാരം കണ്ടെത്തിയിരുന്നത്.
സോളാർ കലണ്ടറുകള്‍
സൂര്യനെ മാത്രം അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ കലണ്ടറുകളിൽ ഒന്നാണ് പുരാതന ഈജിപ്ഷ്യൻ കലണ്ടർ. ഒരു വര്‍ഷത്തില്‍ 365.25 ദിവസങ്ങളുണ്ടെന്ന ആശയം ഈജിപ്ഷ്യന്‍സിന് പരിചിതമായിരുന്നു. നിഴലുകളുടെ നിരീക്ഷണത്തിലൂടെ അയനാന്തങ്ങൾ രേഖപ്പെടുത്തിയും 'സിറിയസ്' (Sirius) നക്ഷത്രം വർഷത്തിലൊരിക്കൽ സൂര്യോദയത്തിന് തൊട്ടുമുമ്പ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത് നിരീക്ഷിച്ചും. നൈൽ നദിയിലെ വെള്ളപ്പൊക്കവുമായി ഇതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയുമാണ് അവർ ഈ സമയം കണക്കാക്കിയത്. എന്നാൽ, ഈജിപ്തിലെ ഭരണപരമായ കാര്യങ്ങൾക്കായി അധിവർഷം ഇല്ലാത്ത 365 ദിവസമുള്ള സിവിൽ കലണ്ടർ ആണ് അവര്‍ ഉപയോഗിച്ചിരുന്നത്. പുരാതന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരായിരുന്ന ആര്യഭടൻ, ഭാസ്കരാചാര്യർ എന്നിവരും ഗണിതശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഒരു വർഷം 365.25 ദിവസങ്ങളുണ്ടെന്ന് രേഖപ്പെടുത്തുന്നുണ്ട്.
റോമൻ കലണ്ടർ
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറുമായി വളരെ സാമ്യമുള്ള ആദ്യകാല കലണ്ടറായിരുന്നു റോമൻ കലണ്ടർ. റോമിന്‍റെ ആദ്യ രാജാവായി കണക്കാക്കുന്ന റോമുലസിൻ്റെ കാലത്താണ് (ബിസി 753) ഈ കലണ്ടറിന് രൂപം നല്‍കുന്നത്. ഒരു വർഷത്തിൽ 10 മാസങ്ങളും 304 ദിവസങ്ങളുമാണ് ഈ കലണ്ടറില്‍ ഉണ്ടായിരുന്നത്. അത്ര നാൾ ഉപയോഗിച്ചിരുന്ന ഗ്രീക്ക് കലണ്ടറിന്റെ ഒരു പുതുക്കിയ രൂപം മാത്രമായിരുന്നു ഇത്. വർഷം ആരംഭിക്കുന്നത് മാർച്ച് മാസത്തിൽ ആയിരുന്നു. മാർച്ച് എന്നതിന് പകരം റോമൻ ദേവനായ മാർസിനോട് സാമ്യമുള്ള മാർഷ്യസ് എന്ന പേരാണ് അവർ ഉപയോഗിച്ചിരുന്നത്. റോമൻ ദൈവങ്ങളുടെ പേരുകളില്‍ നിന്ന് ആദ്യത്തെ മാസങ്ങള്‍ക്ക് പേര് നല്‍കി. അഞ്ചു മുതൽ പത്ത് വരെയുള്ള മാസങ്ങൾക്ക് ലാറ്റിൻ ഭാഷയിൽ ആ അക്കത്തിന് സമമായ പദങ്ങൾ ഉപയോഗിച്ചു. അഞ്ചിന് ക്വിന്റിലിസ്, ആറിന് സെക്സ്റ്റിലിസ്, എഴ് - സെപ്റ്റംബർ, എട്ട് - ഒക്ടോബർ, ഒൻപത് - നവംബർ, പത്ത് - ഡിസംബർ എന്നിങ്ങനെയായിരുന്നു അത്. ദിവസങ്ങളിലെ എണ്ണക്കുറവ് ഋതുക്കളുടെ കണക്കുകൂട്ടിലിൽ വരുത്തിയ പൊരുത്തക്കേടിനെ തുടർന്ന് റോമിലെ രണ്ടാമത്തെ രാജാവായിരുന്ന നുമാ പോമ്പീലിയസ് ഇതിനോട് ജനുവരിയും ഫെബ്രുവരിയും കൂട്ടിച്ചേർത്ത് 12 മാസങ്ങളുള്ള ഒരു ചാന്ദ്ര കലണ്ടറാക്കി മാറ്റി. എന്നാൽ അന്നും 355 ദിവസം മാത്രമാണ് ഉണ്ടായിരുന്നത്.
'ജാനസ്' എന്ന രണ്ട് മുഖങ്ങളുള്ള റോമൻ ദൈവത്തിന്റെ പേരിൽ നിന്നാണ് ജനുവരി രൂപപ്പെടുന്നത്. ജനാസിന്റെ ഒരു മുഖം ഭാവിയിലേക്കും മറ്റൊന്ന് ഭൂതകാലത്തിലേക്കും നോക്കുന്നു എന്നായിരുന്നു റോമിലെ വിശ്വാസം. തുടക്കങ്ങളുടെയും മാറ്റങ്ങളുടെയും ദൈവമായാണ് ജാനസിനെ കരുതിയിരുന്നത്. അതിനാൽ, പുതിയൊരു തുടക്കത്തിന് ഏറ്റവും അനുയോജ്യമായ മാസം ജനുവരിയാണെന്ന് റോമാക്കാർ തീരുമാനിച്ചു. ലാറ്റിൻ പദമായ 'ഫെബ്രുവം' എന്ന വാക്കിൽ നിന്നാണ് ഫെബ്രുവരി എന്ന പേര് ഉണ്ടായത്. 'ശുദ്ധീകരണം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. പുരാതന റോമിൽ വസന്തകാലത്തിന് തൊട്ടുമുമ്പ്, അതായത് വർഷാവസാനം ഫെബ്രുവരി ആയിരുന്നു. ഒരു ശുദ്ധീകരണ ഉത്സവമായിരുന്നു ഇത്. ഫെബ്രുവരി അവസാനമായിരുന്നതില്‍ കലണ്ടറിലെ എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നത് ഈ മാസത്തിലായിരുന്നു. ഇതെ തുടര്‍ന്നാണ് പിന്നീട് അധിവര്‍ഷം കണക്കാക്കുന്ന സാഹചര്യത്തിലും അധികം ദിനം ഫെബ്രുവരിയില്‍ ചേര്‍ക്കുന്നത്.
ജൂലിയന്‍ കലണ്ടര്‍
റോമന്‍ കലണ്ടറിലില്‍ 355 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്നതിനാല്‍ കുറച്ചധികം വർഷങ്ങൾ കൂടി വരുമ്പോൾ വീണ്ടും കണക്കുകൂട്ടലുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ഇതിനെ തുടർന്ന് ബി സി 46ൽ റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ നടത്തിയ പരിഷ്ക്കരണത്തെ തുടര്‍ന്ന് നിലവില്‍ വന്ന കലണ്ടറാണ് ജൂലിയന്‍ കലണ്ടര്‍. ഈജിപ്ഷ്യൻ സോളാർ കലണ്ടറിന്റെ സഹായത്തോടെയാണ് ഈ പരിഷ്ക്കരണം നടന്നത്. ജ്യോതിശാസ്ത്രജ്ഞനായ സോസിജെനസ് ഓഫ് അലക്സാൻഡ്രിയയുടെ ആശയം സ്വീകരിച്ച അദ്ദേഹം വര്‍ഷത്തില്‍ 365 ദിവസവും നാല് വർഷത്തിലൊരിക്കൽ ഒരു അധിക ദിവസവും ഉൾപ്പെടുത്തി. നാം ഇന്ന് ഉപയോഗിക്കുന്നതു പോലെ അധിവര്‍ഷം ഫെബ്രുവരിയില്‍ 29ന് ആയിരുന്നില്ല. അത് കണക്കാക്കിയിരുന്നത് ഫെബ്രുവരി 24 നെ രണ്ട് തവണ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു. ജൂലിയൻ കലണ്ടർ നടപ്പിലാക്കുന്നതിന് മുൻപ്, റോമൻ കലണ്ടറിൽ ഫെബ്രുവരി വർഷത്തിലെ അവസാന മാസമായിരുന്നു. ബിസി 153 ഓടെ ജനുവരി, ഫെബ്രുവരി മാസങ്ങൾ ആദ്യത്തെ രണ്ട് മാസങ്ങളായി പുനക്രമീകരിച്ചെങ്കിലും റോമൻ പാരമ്പര്യ പ്രകാരം കലണ്ടറിൽ മാറ്റം വരുത്തിയിരുന്നത് നേരത്തെ അവസാന മാസമായിരുന്ന ഫെബ്രുവരിയിൽ ആയിരുന്നു.
'ക്വിന്റിലിസ്' മാസത്തിലാണ് ജൂലിയസ് സീസർ ജനിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം റോമൻ സെനറ്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ മാസത്തിന്റെ പേര് 'ജൂലിയസ്' എന്നാക്കി മാറ്റി. ഇത് പിന്നീട് ഇംഗ്ലീഷ് സ്വാധീനത്തില്‍ ജൂലൈ എന്നായി മാറി. ജൂലൈ മാസത്തില്‍ 31 ദിവസം ഉള്‍പ്പെടുത്തിയതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന അഗസ്റ്റസ് ചക്രവർത്തിയോടുള്ള അദരവില്‍ പുരാതന റോമൻ സെനറ്റ് അദ്ദേഹം പല വിജയങ്ങളും നേടിയ സെക്സ്റ്റിലിസ് എന്ന മാസത്തിന്‍റെ പേര് ആഗസ്റ്റ് എന്നാക്കി മറ്റി.
ഗ്രിഗോറിയൻ കലണ്ടർ
ജൂലിയൻ കലണ്ടറിൽ ചില ശാസ്ത്രീയ പിഴവുകളില്‍ നിന്നാണ് ഇന്ന് ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ ഉത്ഭവിക്കുന്നത്. പ്രധാന പ്രശ്നം ഭൂമി സൂര്യനെ ഒരു തവണ വലംവെക്കാൻ കൃത്യം 365.25 ദിവസമല്ല എടുക്കുന്നത് എന്നതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കൻഡ് അതായത് 365.24 ദിവസം. ഇത് വര്‍ഷത്തില്‍ 11 മിനിറ്റോളം വ്യത്യാസത്തിന് കാരണമായി. വർഷങ്ങൾ കഴിയുന്തോറും കലണ്ടറിലെ തിയതിയും ഋതുക്കളും (Seasons) തമ്മിൽ പൊരുത്തക്കേടുണ്ടായി. ക്രിസ്ത്യൻ വിശ്വാസപ്രകാരം ഈസ്റ്റർ ആഘോഷിക്കേണ്ട സമയം തെറ്റി തുടങ്ങി. 16-ാം നൂറ്റാണ്ടായപ്പോഴേക്കും കലണ്ടറിൽ ഏകദേശം 10 ദിവസത്തെ വ്യത്യാസം വന്നിരുന്നു. ഇതേ തടര്‍ന്നാണ് 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ പുതിയ കലണ്ടർ അവതരിപ്പിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തി ലൂയിഗി ലിലിയോ എന്ന ജ്യോതിശാസ്ത്രജ്ഞനായിരുന്നു. 1582 ഒക്ടോബർ 4-ന് ശേഷമുള്ള 10 ദിവസങ്ങൾ ഒഴിവാക്കി ഒക്ടോബർ നാലിന് ശേഷം അടുത്ത തിയതി ഒക്ടോബർ 15 ആയി പ്രഖ്യാപിച്ചു. ഇതുവഴി കലണ്ടറിലെ പിശക് അപ്പപ്പോൾത്തന്നെ പരിഹരിക്കപ്പെട്ടു. നാല് വർഷത്തിലൊരിക്കൽ വരുന്ന അധിവർഷ നിയമത്തിൽ മാറ്റം വരുത്തി. 100 കൊണ്ട് നിശ്ശേഷം ഭാഗിക്കാവുന്ന വർഷങ്ങൾ (ഉദാ: 1700, 1800) 400 കൊണ്ട് കൂടി ഭാഗിക്കാൻ പറ്റുമെങ്കിൽ മാത്രമേ അധിവർഷമായി കണക്കാക്കൂ എന്ന് നിശ്ചയിച്ചു. അതുകൊണ്ടാണ് 2000 ഒരു അധിവർഷമായതും 1900 അല്ലാതിരുന്നതും. ഫെബ്രുവരി 24നും 25നും ഇടയിൽ ഒരു ദിവസം ചേർത്ത് അധിവർഷം കണക്കാക്കുന്ന രീതിയിലെ സങ്കീർണത ഒഴിവാക്കാൻ 28 ദിവസമുള്ള ഫെബ്രുവരിയിൽ നാല് വർഷം കൂടുമ്പോൾ 29 -ാം ദിവസം ചേർത്ത് പുനക്രമീകരിച്ചു.
ആദ്യം കത്തോലിക്കാ രാജ്യങ്ങളാണ് ഇത് സ്വീകരിച്ചത്. പിന്നീട് ലോകത്തിലെ മറ്റു ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളും 1582-ൽ തന്നെ ഈ കലണ്ടർ മാറ്റം വരുത്തിയിരുന്നെങ്കിലും, ബ്രിട്ടൻ അത് നടപ്പിലാക്കാൻ ഏകദേശം 170 വർഷത്തോളം വൈകിയാണ്. ബ്രിട്ടനും അവരുടെ കോളനികളും അന്ന് അമേരിക്കയുൾപ്പെടെ 1752 സെപ്റ്റംബറിലാണ് ഈ കലണ്ടർ സ്വീകരിച്ചത്. അപ്പോഴേക്കും വ്യത്യാസം 11 ദിവസമായിരുന്നു. ഇത് പരിഹരിക്കാൻ 11 ദിവസങ്ങൾ കലണ്ടറിൽ നിന്ന് ഒഴിവാക്കി. സെപ്റ്റംബർ 2 കഴിഞ്ഞാൽ അടുത്ത ദിവസം സെപ്റ്റംബർ 14 ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിലും ഈ കലണ്ടർ പ്രചാരം നേടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam