പുരോഹിതനാകേണ്ട മാണിയെ രാഷ്ട്രീയക്കാരനാക്കിയ "കാൾ മാർക്‌സ്"

By Web TeamFirst Published Apr 9, 2019, 6:38 PM IST
Highlights

മരങ്ങാട്ടുപള്ളിയിലെ സാധാരണ കർഷക കുടുംബത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി മാണി മാറിയതിന്റെ തുടക്കം ആ ഹോസ്റ്റൽ മുറിയിൽ നിന്നാണ്

കോട്ടയം: തിരുവിതാകൂറിൽ പെടുന്ന മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിലാണ് കെഎം മാണി ജനിക്കുന്നത്. കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകൻ പിന്നീട് ജീവിതത്തിൽ നേടിയ വിജയങ്ങൾ ചില്ലറയല്ല. എന്നാൽ പുരോഹിതനാകേണ്ടിയിരുന്ന ചെറുപ്പക്കാരനെ രാഷ്ട്രീയക്കാരനാക്കിയതിൽ കാൾ മാർക്സും ഒരു കാരണക്കാരനായിരുന്നു.

കഠിനാധ്വാനത്തിലൂടെയാണ് മാണി കേരള രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവായി മാറിയത്. മാണിയുടെ കുട്ടിക്കാലത്ത്, പുരോഹിതരാകാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്താൻ കൂനൂരിൽ നിന്നു പുരോഹിതര്‍ പലപ്പോഴായി മരങ്ങാട്ടുപള്ളിയിൽ വരുമായിരുന്നു.  പുരോഹിതനാകാൻ മാണിക്ക് താത്പര്യമുണ്ടായിരുന്നു. പക്ഷേ അന്ന് കുനൂരേക്ക് പോയിരുന്നെങ്കിൽ പാലായ്ക്ക് പ്രിയപ്പെട്ട, കെഎം മാണി എന്ന രാഷ്ട്രീയക്കാരൻ ഉണ്ടാകില്ലായിരുന്നു.

മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയാണ് മാണി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  പിന്നീട് തൃശ്ശിനാപ്പള്ളിയില്‍ ബിരുദപഠനത്തിനായി ചേർന്ന കാലത്ത് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് മാർക്സ് കാരണം കോളേജിൽ നിന്ന് പുറത്താകുന്നത്. മാണിയുടെ ഹോസ്റ്റൽ  മുറിയില്‍നിന്ന് വാര്‍‌ഡന് കാള്‍ മാര്‍ക്സിന്റെ മൂലധനം കിട്ടിയതായിരുന്നു കാരണം.

കോളജില്‍നിന്നു പുറത്തായ മാണി പിന്നീട് രാഷ്ട്രീയത്തിലെത്തി. പ്രായോഗികവാദത്തിൽ ഊന്നിനിന്നുള്ള അദ്ധ്വാന വർഗ രാഷ്ട്രീയത്തിനാണ് രൂപംകൊടുത്തത്. തൃശിനാപ്പള്ളിയിൽ നിന്ന് പുറത്താക്കപ്പെട്ട മാണി, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്സിലുമായി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ലോ കോളജിൽ നിന്ന് 1955ൽ നിയമബിരുദം നേടിയ ശേഷം, ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോന്റെ കീഴിൽ കോഴിക്കോട് പ്രാക്ടീസ് ചെയ്തു.

ഒരു വർഷത്തെ പ്രാക്ടീസ് കാലത്ത് ഗോവിന്ദമേനോന്റെ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളിലെ മുഖ്യപ്രഭാഷകനായിരുന്നു. അതിനാൽ തന്നെ പ്രാക്ടീസ് പൂർത്തിയാക്കി കോഴിക്കോട് നിന്ന് പാലായിലെത്തിയ മാണിയെ പിടി ചാക്കോ വെറുതെ വിട്ടില്ല. പിടി ചാക്കോയാണ് കോൺഗ്രസ്സിലേക്ക് അദ്ദേഹത്തെ കൈപിടിച്ച് കൊണ്ടുവന്നത്. കോൺഗ്രസിൽ മണ്ഡലം പ്രസിഡന്റായി തുടങ്ങിയ കെഎം മാണി പിന്നീട് പാർട്ടിയുടെ പിളർപ്പിലേക്കും അവിടെ നിന്ന് കേരള കോൺഗ്രസിന്റെ അമരത്തേകും കേരള രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവായും വളർന്നത് ചരിത്രം.

click me!