
കല്‍പ്പറ്റ:സർക്കാറിന്‍റെ നവകേരള സദസിനായി പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായെന്ന് ചോദ്യങ്ങളില്‍ മറുപടി പറയാതെ അധികൃതര്‍. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങളിലാണ് സര്‍ക്കാരിന്‍റെ വിചിത്ര മറുപടി. ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴാണ് മറുപടി വന്നതെങ്കിലും അതില്‍ വ്യക്തമായ മറുപടിയില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് പറയുന്നത്. മന്ത്രിസഭയുടെ കേരള പര്യടനത്തിന് പൊതുഖജനാവില്‍നിന്ന് എത്ര രൂപ ചെലവായെന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളില്‍ കണക്ക് കയ്യില്‍ ഇല്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇക്കാര്യം ഡിജിപിയോട് ചോദിക്കണമെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. വിവരങ്ങള്‍ മനപ്പൂര്‍വം തരാത്തതാണെന്ന വിമര്‍ശനമാണ് കുഞ്ഞുമുഹമ്മദ് ഉന്നയിക്കുന്നത്.