
കൊച്ചി: മരടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം പൊളിക്കുക കുണ്ടന്നൂർ കായലോരത്തുള്ള എച്ച്ടുഒ അപ്പാർട്ട്മെന്റാണ്. 19 നിലകളുള്ള കെട്ടിടത്തില്‍ ജനുവരി 11ന് രാവിലെ 11 മണിക്ക് സ്ഫോടനം നടക്കും. ഫ്ലാറ്റില്‍ നിന്ന് പത്ത് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ടന്നൂര്‍ തേവര പാലവും ഐഓസിയുടെ വാതക പൈപ്പ്‍ലൈനുമാണ് പ്രധാന വെല്ലുവിളി.
സ്ഫോടനം നടക്കുന്നതോടെ കെട്ടിടം ഒന്നാകെ നിലംപൊത്തും. 19 നിലകളിലായി 90 അപ്പാർട്ട്മെന്റുകൾ ഉള്ള കെട്ടിടം 11 സെക്കന്‍ഡിനുള്ളിൽ നിലംപൊത്തും. കെട്ടിടം വീഴുന്നത് 37 മുതൽ 46 അടി വരെ ചരിഞ്ഞായിരിക്കും. 50 മീറ്ററിന് മുകളില്‍ ഉയരവും പതിനായിരം ടണ്ണിന് മുകളില്‍ ഭാരവുമുള്ള കെട്ടിടം തകർന്ന് വീഴുമ്പോൾ ആറ് നില കെട്ടിടത്തിന്റെ ഉയരത്തിൽ അവശിഷ്ടങ്ങൾ കുന്നുകൂടും.
എറ്റവും താഴത്തെ നിലയിലും , ഒന്ന്, നാല്, പത്ത്, 15 നിലകളിലുമാകും സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. കെട്ടിടത്തിന്റെ 100 മീറ്റർ അകലത്തില്‍ സ്ഥാപിക്കുന്ന ബ്ലാസ്റ്റിങ് ഷെഡില്‍ നിന്ന് സ്ഫോടനം നിയന്ത്രിക്കും. സ്ഫോടനസമയത്ത് സുരക്ഷ മുൻനിർത്തി, പത്ത് മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന തേവര കുണ്ടന്നൂർ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കും.
ഫ്ലാറ്റിന് സമീപത്തുകൂടിയാണ് കുടിവെള്ള പൈപ്പ്‍ലൈനും 16 കിലോമീറ്റര്‍ നീളം വരുന്ന ഐഒസിയുടെ ഇന്ധന പൈപ്പ് ലൈനും കടന്നുപോകുന്നത്. സുരക്ഷയ്ക്കായി പൈപ്പ് ലൈനിൽ നിന്ന് ഇന്ധനം പൂർണ്ണമായും നീക്കി വെള്ളം നിറയ്ക്കും. മണൽ ചാക്കുകൾ നിറച്ച് പൈപ്പ്‍ലൈനിന്റെ സുരക്ഷയുറപ്പാക്കുന്നുണ്ട്.
സ്ഫോടനസമയത്ത് അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിക്കാതിരിക്കാന്‍ തൂണുകളിൽ സ്റ്റീല്‍ മെഷുകളും ജിയോ ടെക്സ്റ്റൈല്‍ ഷീറ്റുകളുംകൊണ്ട് പൊതിഞ്ഞു. പ്രകമ്പനത്തിന്റെ ശക്തി കുറയ്ക്കാനായി ഫ്ലാറ്റിന് ചുറ്റും കിടങ്ങുകളും നിർമ്മിക്കും. മുബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനിയറിങ് ആഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ചേര്‍ന്നാണ് എച്ച് ടു ഒ പൊളിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam