വിവാദ നായകനിൽ നിന്നും വിജയനായകനായി ഉയർന്ന് എ വിജയരാ​ഘവൻ

By Web TeamFirst Published Dec 16, 2020, 6:49 PM IST
Highlights

നാല് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയും മുന്നണിയും ഇതേ രീതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ സിപിഎം സെക്രട്ടറി, മുന്നണി കണ്വീനർ എന്ന നിലകളിൽ അതൊരു സുവർണനേട്ടമായി മാറും.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മും ഇടതുമുന്നണിയും നേടിയ ഗംഭീരവിജയത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് മേലോട്ട് ഉയരുകയാണ്. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതോടെയാണ് പകരക്കാരനായാണ് എ.വിജയരാഘവൻ പാർട്ടിയെ നയിക്കാനെത്തുന്നത്. കോടിയേരിക്ക് പകരം വിജയരാ​ഘവൻ പാ‍ർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയത് വലിയ കൗതുകം സൃഷ്ടിച്ചെങ്കിലും ആ പദവിക്ക് താൻ അനുയോജ്യനാണെന്ന് തെളിയിക്കാൻ തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ വിജയരാ​​​ഘവന് സാധിച്ചു.

പലതരം വിവാദ പ്രസ്താവനകളാൽ നേരത്തെ കുപ്രസിദ്ധി നേടിയ വിജയരാ​ഘവൻ സിപിഎമ്മിൻ്റെ പടനായകസ്ഥാനം ഏറ്റെടുക്കുമ്പോൾ പാ‍ർട്ടിയുടെ മുന്നോട്ടുള്ള യാത്ര ഏതു രീതിയിലാവും എന്ന ആകാംക്ഷ എല്ലാ കോണുകളിലും ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലത്തൂരിലെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാ‍മ‍ർശം അദ്ദേഹത്തിനെതിരെ വലിയ വി‍മർശനം സൃഷ്ടിച്ചിരുന്നു. 

കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ബിനീഷ് കോടിയേരിയുടെ അറസ്റ്റും സ്വ‍ർണക്കടത്ത് കേസും കൂടി സൃഷ്ടിച്ച പ്രതിച്ഛായ നഷ്ടം ആത്മവിശ്വാസക്കുറവും ഇടതുമുന്നണിയേയും സിപിഎമ്മിനേയും ബാധിച്ച സമയത്ത് വിജയരാ​ഘവന് എത്രത്തോളം മാറ്റം കൊണ്ടു വരാനാവും എന്ന ചോദ്യം പലരും ഉയ‍ർത്തുകയുണ്ടായി. കോടിയേരി സ്ഥാനമൊഴിയുന്ന പക്ഷം ​എംവി ​ഗോവിന്ദൻ പാർട്ടി തലപ്പത്തേക്ക് വരും എന്നായിരുന്നു അതുവരെയുള്ള ധാരണ. 

സ്വ‍ർണക്കടത്ത് കേസും അഭ്യന്തരവകുപ്പിന് നേരെ തുടരെയുണ്ടായ വിമ‍ർശനങ്ങളും കാരണം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിലേക്ക് മാറേണ്ടി വന്ന ഘട്ടത്തിൽ കൂടിയായിരുന്നു എ.വിജയരാഘവൻ്റെ സ്ഥാനാരോ​ഹണം. എന്നാൽ പാ‍ർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത ശേഷം കൃത്യമായ ദിശാബോധത്തോടെയാണ് എ.വിജയരാ​​ഘവൻ മുന്നോട്ട് നീങ്ങിയത്. 

സെക്രട്ടറി സ്ഥാനത്തേക്ക് വിജയരാഘവൻ എത്തിയതിന് പിന്നാലെ പല നിർണായക നടപടികളും സംസ്ഥാന സ‍ർക്കാരിൽ നിന്നും പ്രത്യേകിച്ച് അഭ്യന്തരവകുപ്പിൽ നിന്നും ഉണ്ടായി. ഫാഷൻ ​ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളിൽ പ്രതി ചേർക്കപ്പെട്ട മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ധീൻ അറസ്റ്റ് ചെയ്യപ്പെട്ടതാണ് ആദ്യമുണ്ടായ നീക്കം. പിന്നാലെ രണ്ട് വ‍ർഷത്തിലേറെ ച‍ർച്ചയായി കിടന്ന പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. 

തദ്ദേശതെരഞ്ഞെടുപ്പ് അടുത്ത് നിൽക്കവേ രണ്ട് എംഎൽഎമാ‍ർ ജയിലിലായത് യുഡിഎഫിന് കനത്ത ആഘാതമായി. പിന്നാലെ സോളാ‍ർ കേസ് പ്രതിയുടെ പീഡന പരാതിയിൽ സ‍ർക്കാ‍ർ നടപടികൾ ത്വരിതപ്പെടുത്തി. ബാ‍ർ ഉടമ ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണത്തിനും തുടക്കമായി. ഇങ്ങനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പ്രതിരോധത്തിലായ ഇടതുമുന്നണി ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന നിലയിലേക്ക് വന്നു. 

തദ്ദേശതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ തികഞ്ഞ ശ്രദ്ധയോടെ വിവാദങ്ങളിൽ നിന്നും അകന്നു നിന്നും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും വിജയരാഘവൻ പാ‍ർട്ടിയെ നയിച്ചു. ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്ത് അവരെ നേരിടാൻ വേണ്ട നടപടികൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന വിജയരാഘവൻ്റെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടിക്കൊണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎമ്മിനായി. 

കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തെ എൽഡിഎഫിലേക്ക് കൊണ്ടു വരാനുള്ള തീരുമാനമെടുത്തതിലും നടപ്പാക്കിയതിലും നി‍ർണായക പങ്കു വഹിച്ചത് വിജയരാഘവനാണ്. അന്തിമഫലം വരുമ്പോൾ ജോസ് വിഭാ​ഗത്തിൻ്റെ സാന്നിധ്യം കോട്ടയം അടക്കമുള്ള ജില്ലകളിൽ മികച്ച വിജയം നേടാൻ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ട്. സീറ്റ് വിഭജനഘട്ടത്തിൽ സിപിഐയും എൻസിപിയും ഇടഞ്ഞെങ്കിലും ഒറ്റക്കെട്ടായി ഇടതുമുന്നണി മുന്നോട്ട് പോയത് മുന്നണി കൺവീന‍ർ കൂടിയായ വിജയരാഘവൻ്റെ മികവ് കൂടി കൊണ്ടാണ്. 

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പിണറായി വിജയനും ആരോ​ഗ്യപ്രശ്നങ്ങളാൽ കോടിയേരി ബാലകൃഷ്ണനും പ്രചാരണ രം​ഗത്ത് നിന്നും മാറി നിന്നപ്പോൾ പാ‍ർട്ടിയുടേയും മുന്നണിയുടേയും പ്രചാരണം ആസൂത്രണം ചെയ്യുകയും മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യേണ്ട ബാധ്യതയും വിജയരാ​ഘവനുണ്ടായിരുന്നു. 

തദ്ദേശതെരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ നാല് മാസത്തിനകം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാ‍ർട്ടിയും മുന്നണിയും ഒരുങ്ങി കഴിഞ്ഞു. കടുത്ത പ്രതിസന്ധികളെ മറികടന്ന് നേടിയ വിജയം യുഡിഎഫിനും ബിജെപിക്കും മേലെ മേൽക്കൈ നേടാൻ ഇടതുമുന്നണിക്ക് സഹായകരമായിട്ടുണ്ട്. നിലവിലെ ട്രാക്കിൽ അടുത്ത നാല് മാസം കൂടി  മുന്നോട്ട് പോകാൻ സാധിച്ചാൽ തുട‍‍ർഭരണം എന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്കാവും എ.വിജയരാഘവൻ എന്ന നേതാവ് പാ‍ർട്ടിയേയും മുന്നണിയേയും കൈപിടിച്ചുയ‍ർത്തുക. 

click me!