
തിരുവനന്തപുരം: മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ സർക്കാർ വരുത്തിയ ഭീമമായ കുടിശ്ശികയാണ് സർക്കാർ ആശുപത്രികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും കെഎംഎസ്‍സിഎൽ വഴിയുമുള്ള പർച്ചേസിലുമായി 2200 കോടിയലധികം രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. പണം കിട്ടാത്തതിനാൽ ആശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യാൻ കരാറുകാർ തയ്യാറല്ല.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഓർത്തോ, കാർഡിയോളജി തുടങ്ങി മറ്റ് വകുപ്പുകളിലും ഉപകരണക്ഷാമം ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോ.ഹാരിസ് ചിറയ്ക്കൽ. സംസ്ഥാനത്തെ ആശുപത്രികളിൽ എന്താണ് സ്ഥിതി? സംസ്ഥാന ആരോഗ്യരംഗത്തെ അഭിമാന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. പദ്ധതിയിൽ ചേർന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആശുപത്രികൾ ബാധ്യസ്ഥരാണ്. ഇതിന് ചെലവാകുന്ന പണം ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നൽകും. ഈ തുക കുടിശ്ശികയായതോടെ ആശുപത്രികൾ പ്രതിസന്ധിയിലായി. വിതരണക്കാർ ആശുപത്രികളെ കയ്യൊഴിഞ്ഞു.
കാസ്പിൽ 1200 കോടി രൂപയെങ്കിലും കുടിശ്ശികയുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിക്ക് മാത്രം 200 കോടിയോളം രൂപ കിട്ടാനുണ്ട്. കോട്ടയം മെഡിക്കൽ കോളെജിനും കിട്ടാനുണ്ട് 150 കോടിക്കടുത്ത്. പദ്ധതി നടത്തിക്കൊണ്ട്പോകാനോ, വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാനോ പറ്റാതെ മെഡിക്കൽ കോളെജ് ആശുപത്രികൾ വലയുകയാണ്. കെഎംഎസ്‍സിഎൽ വിവിധ മരുന്ന്, ഉപകരണ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 1000 കോടിക്കടുത്താണ്.
ഇതിൽ ഉപകരണയിനത്തിൽ 180 കോടി വരെ കുടിശ്ശികയുണ്ട്. പ്രധാന സപ്ലൈയേഴ്സായ സീമെൻസ്, അസെൻജർ തുടങ്ങിയ പ്രധാന കരാറുകാർക്ക് എല്ലാം പണം കുടിശ്ശികയാണ്. ഇതുമൂലം കിഫ്‌ബി, നബാർഡ് പദ്ധതികളിലൂടെ പൂർത്തിയാക്കിയ ആശുപത്രികൾക്കുവേണ്ട ഉപകരണങ്ങൾ മുഴുവൻ നൽകാനായിട്ടില്ല.
മാർച്ചിൽ നടന്ന ക്വട്ടേഷനിൽ പല പ്രമുഖ കമ്പനികളും പങ്കെടുത്തിട്ടില്ല. അടുത്ത സാമ്പത്തിക വർഷം ഉപകരണക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് തരുന്നത്. കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആരോഗ്യകിരണം പദ്ധതിയും നിലച്ച മട്ടാണ്. പേരിന് പദ്ധതി, പണം കുടിശ്ശിക. പിന്നെങ്ങനെ ആശുപത്രികളിലേക്ക് ഉപകരണങ്ങളെത്തും?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam