കോഴിക്കോട്ടെ പ്രളയ ധനസഹായ വിതരണത്തിൽ വൻതട്ടിപ്പെന്ന് റിപ്പോർട്ട്: 53 ലക്ഷം രൂപ നഷ്ടപ്പെട്ടു

By Asianet MalayalamFirst Published Sep 23, 2021, 4:57 PM IST
Highlights

2018-ൽ അടിയന്തര ധനസഹായമായ പതിനായിരം രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അകൗണ്ടിലേക്ക് 9 തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് തുടർനടപടിക്കായി കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 

2018-ൽ അടിയന്തര ധനസഹായമായ പതിനായിരം രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു അകൗണ്ടിലേക്ക് 9 തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപ ഈയിനത്തിൽ നഷ്ടപ്പെട്ടെന്നും ഇത് തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.  

അടിയന്തര ധനസഹായമായി പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ 1 കോടി 17 ലക്ഷം രൂപയോളം എക്സ്പെൻഡീച്ചർ ആയെങ്കിലും വിതരണം ചെയ്യാതെ ഇപ്പോഴും സസ്പെൻസ് അക്കൗണ്ടിൽ  കിടക്കുകയാണെന്നും ഗുരുതര അനാസ്ഥയിലേക്കാണ് ഈ നടപടി വിരൽ ചൂണ്ടുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കോഴിക്കോട് താലൂക്കിലെ ധനസഹായ വിതരണത്തിലെ അപാകതകളാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. 

2018-ലെ മഹാപ്രളയത്തിൽ കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000-ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്തത്. പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തൻ 97600 രൂപ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!