നിയമസഭാ കയ്യാങ്കളി; 'സംഘര്‍ഷം ഉണ്ടാക്കിയത് പൊലീസ്, പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജം',പുതിയ വാദവുമായി പ്രതികള്‍

By Web TeamFirst Published Sep 23, 2021, 4:37 PM IST
Highlights

'സംഘർഷം ഉണ്ടാക്കിയത് വാച്ച് ആന്‍റ് വാർഡായി എത്തിയ പൊലീസുകാരാണ്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ല'.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി (kerala assembly) കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ (petition) സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.  വിടുതൽ ഹ‍ർജിയിൽ സഹപ്രവർത്തകരെ കൂടി പ്രതികൂട്ടിലാക്കിയായിരുന്നു പ്രതികളായ എൽഡിഎഫ് നേതാക്കളുടെ വാദം.

സ്പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം. പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണ്. 21 മന്ത്രിമാർ ഉള്‍പ്പടെ 140 ജനപ്രതിനിധികള്‍ ഉണ്ടായിട്ടും പൊലീസുകാരെയാണ് സാക്ഷികളാക്കിയത്. വാച്ച് ആന്‍റ് വാർഡൻമാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ പ്രഥമദൃ്ഷ്ടാ കുറ്റം ചെയ്തിട്ടുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കളുടെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിയമപരമായി ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതൽ നശിപ്പിച്ചത്. ഈ പ്രവൃത്തി നിയമസഭ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ വിടുതൽ ഹ‍ർജിയിൽ സിജെഎം കോടതി അടുത്ത മാസം ഏഴിന് ഉത്തരവ് പറയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!