
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വ്യാഴാഴ്ച രാത്രിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചു കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ അറിയിച്ചിരിക്കുന്ന 5900 കോടി രൂപയുടെ കുറവിന് പുറമെ, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പേരിൽ നേരത്തെ തന്നെ വായ്പാ പരിധിയിൽ വെട്ടിക്കുറയ്ക്കൽ നടത്തിയിരുന്നു. ഇതെല്ലാം ചേർത്താൽ ഈ സാമ്പത്തിക വർഷം മാത്രം വായ്പാ ഇനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിതെന്നും, ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.
വായ്പാ വെട്ടിക്കുറയ്ക്കലിന് പുറമെ, തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണ്. പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും. കേരളത്തിൽ കഴിഞ്ഞ വർഷം 9.7 കോടി തൊഴിൽ ദിനങ്ങളാണ് ഉണ്ടായത്. 13.72 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിത്. കേന്ദ്രത്തിന്റെ പുതിയ നീക്കം ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി നിരക്കുകൾ ഏകീകരിച്ചതിലൂടെയും സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. അടുത്ത വർഷം കേരളത്തിന് 8,000 മുതൽ 10,000 കോടി രൂപ വരെ കുറവുണ്ടാകുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു. കാറുകളുടെയും മറ്റും നികുതി കുറച്ചത് ഉപഭോഗം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും, യഥാർത്ഥത്തിൽ വൻകിട കമ്പനികൾക്കാണ് ഇതിന്റെ ലാഭം ലഭിക്കുന്നതെന്നും സാധാരണക്കാരുടെ ഉൽപ്പന്നങ്ങൾക്ക് വില കുറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കയുടെ പുതിയ താരിഫ് നയങ്ങൾ കേരളത്തിന്റെ കയറ്റുമതി മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, പ്ലാന്റേഷൻ മേഖല എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാൻ മൂലധന നിക്ഷേപത്തിനായി 0.5% അധിക തുക അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചില്ല. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ മാത്രം പ്രശ്നമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെയാകെ പ്രശ്നമാണ്. സംസ്ഥാനത്തിന് അർഹമായ വിഹിതം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങാതെ കൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam