കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല- ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിലുയരുന്ന പ്രായ വിവാദത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല. വിജയ സാധ്യതയാണ് യുഡിഎഫ് പരിഗണിക്കുന്നത്. വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയതയുമാണ് നടപ്പാക്കുന്നത്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇവ‍ർ. തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയത നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പിൽ ചർച്ച ആവുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പിൽ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.