
കോഴിക്കോട്: വ്യക്തവും വായിക്കാൻ കഴിയുന്നതുമായ പ്രിസ്ക്രിപ്ഷൻ നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർഗനിർദ്ദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ വ്യക്തമല്ലാത്ത പ്രിസ്ക്രിപ്ഷൻ കാരണം മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഡി എം ഒയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്. അതേസമയം പരാതിക്കാർക്കുണ്ടായ നഷ്ടങ്ങൾക്കും ചികിത്സാ ചെലവുകൾക്കും മതിയായതും നീതിപൂർവ്വമായതുമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് തുടർചികിത്സ ആവശ്യമാണെങ്കിൽ അത് സൗജന്യമായി നൽകണം. അല്ലാത്തപക്ഷം അത് പരാതിക്കാരനെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാനിന്നും ഉത്തരവിൽ പറയുന്നു.
പ്രിസ്ക്രിപ്ഷൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ പാലിച്ച് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതേണ്ടത് രോഗിയുടെ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. അവ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകുന്നത് ഗുരുതര നിയമലംഘനമാണെന്നും ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ആശുപത്രിയുടെയും ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായതായും ഉത്തരവിൽ പറഞ്ഞു. രക്തസമ്മർദ്ദത്തിനുള്ള CILNIDIPINE 10 mg എന്നമരുന്നിന് പകരം GLIMEPRIRIDE എന്ന മരുന്നാണ് നൽകിയത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിലെ അവ്യക്തതയാണ് മരുന്ന് മാറി നൽകാൻ കാരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam