പേവിഷബാധ: വാക്സിൻ എടുത്തോ? പ്രോട്ടോക്കോൾ പാലിച്ചോ? വാക്സിൻ സൂക്ഷിച്ചോ? അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : May 06, 2025, 07:58 PM IST
പേവിഷബാധ: വാക്സിൻ എടുത്തോ? പ്രോട്ടോക്കോൾ പാലിച്ചോ? വാക്സിൻ സൂക്ഷിച്ചോ? അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Synopsis

ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്ന് നിർദേശം. 

തിരുവനന്തപുരം: പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 

പേവിഷബാധ കാരണം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ദാരുണ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.

സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന്  കമ്മീഷൻ ആവശ്യപ്പെട്ടു,  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ. സി. ഡി. സി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്കുണ്ടോ എന്നും പരിശോധിക്കണം. പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും  പ്രാപ്തമായ ഏജൻസി ഏതാണെന്നും റിപ്പോർട്ടിൽ അറിയിക്കണം.

സമീപകാല സംഭവങ്ങളെ കുറിച്ച് പഠിക്കാനും പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കാനുമായി എൻ. സി. ഡി. സി നിർദ്ദേശിക്കുന്ന ഒരു ഏജൻസിയെ നിയോഗിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ നടപ്പിലാക്കിയത്  സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ജൂൺ 9 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന  സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എം. ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം