
തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിര്‍ദേശം. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.
വിവരാവകാശ പ്രവർത്തകനായ എ. സത്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു. പനി ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യാനുസരണം ആരോഗ്യ വകുപ്പ് ജീവനക്കാർ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിതുര പഞ്ചായത്തിലെ കല്ലൻ കുടി, തച്ചൊരു കാല, കൊടിയ കാല, മാങ്കല, ചെറുമണലി, ബോണക്കാട് മുതലായ ആദിവാസി ഊരുകളിൽ പനി പടർന്നു പിടിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് ജില്ലാ കളക്ടറോട് നിര്‍ദേശിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam