
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. എസ് എഫ് ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി
മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥിയുടെ മൊഴിരേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിദ്യാർത്ഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 14 ന് രാവിലെ 10 ന് കേസ് പരിഗണനക്കെടുക്കുമ്പോൾ കമ്മീഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. മർദ്ദനമേറ്റ പുനലാൽ സ്വദേശിയായ വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി.
അതേസമയം സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാത്രിയായിരുന്നു പരിശോധന നടത്തിയത്. എന്നാൽ പ്രതികളാരും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇടിമുറിയായി പ്രവർത്തിക്കുന്നു എന്ന് പരാതി ഉയർന്ന കോളജ് യൂണിയൻ റൂമിൽ എത്തി ഇന്നലെ പൊലിസ് മഹസ്സർ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയത്.
Read More : 'ഇടിമുറി'യിൽ ഭിന്നശേഷിക്കാരന് മർദ്ദനം: എസ്എഫ്ഐക്കാരുടെ വീട്ടിൽ രാത്രി പൊലീസ് പരിശോധന; 'പ്രതികൾ ഒളിവിൽ'