പൊലീസുകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Aug 6, 2020, 8:20 PM IST
Highlights

കൊവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ടതോടെ പോലീസുകാർ അമിത ജോലിഭാരവും അരക്ഷിതാവസ്ഥയും അനുഭവിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കക്കടവത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് രാപ്പകൽ ഭേദമന്യേ തങ്ങളുടെയും കുടുംബത്തിന്റെയും  ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ  ആരോഗ്യ സംരക്ഷണം ഉറപ്പാക്കി അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്  അടിയന്തിരമായി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം വിശദമായി പഠിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് റവന്യു, ആഭ്യന്തര വകുപ്പ്  സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. 

കൊവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ടതോടെ പോലീസുകാർ അമിത ജോലിഭാരവും അരക്ഷിതാവസ്ഥയും അനുഭവിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കക്കടവത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിന് എല്ലാ സർക്കാർ  ഉദ്യോഗസ്ഥരെയും പോലെ പോലീസുകാരുടെ ശമ്പളത്തിൽ  നിന്നും സർക്കാർ ഒരു നിശ്ചിത ശതമാനം ഈടാക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക്  ധാരാളം ഇളവുകൾ സർക്കാർ നൽകി വരുന്നുണ്ട്. 

എന്നാൽ പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവുകൾ നിഷേധിക്കപ്പെടുന്നു. രോഗം വന്നാൽ പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കണം. കേന്ദ്ര സർക്കാർ ആരോഗ്യ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതിയുടെ മാതൃകയിൽ പോലീസുകാർക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. 

click me!