
തിരുവല്ല: നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ... അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ വിശേഷണങ്ങൾ. ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ അയൽവാസികൾക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.
നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവി യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു. ശ്രീദേവിയാണ് വൈദ്യനോട് പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വിശ്വസിപ്പിച്ചത്. യഥാർത്ഥത്തിൽ ശ്രീദേവിയെന്ന് ചമഞ്ഞ് റഷീദ്, തന്നെ പ്രീതിപ്പെടുത്താൻ വൈദ്യൻ ഭഗവത് സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീദേവിയെന്ന അക്കൗണ്ട് നൽകിയ മൊബൈൽ നമ്പർ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യൻ ഭഗവത് സിംഗിന്റെ ഭാര്യ ലൈലയെ ഇയാൾ പീഡിപ്പിച്ചു. ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് നരബലി നടത്തിയാൽ പൂജ പൂർണ്ണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി തനിക്ക് നേരിട്ട് പരിചയമുള്ള റോസ്‌ലിയെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചു.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്നായിരുന്നു റോസ്‌ലിക്ക് നൽകിയ വാഗ്ദാനം. ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലി ഇത് വിശ്വസിച്ചു. തിരുവല്ലയിലെത്തിയ റോസ്‌ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും റഷീദ് വിശ്വസിപ്പിച്ചു.
ഇങ്ങിനെയാണ് കൊലയാളികൾ പത്മയിലേക്ക് എത്തുന്നത്. നീലച്ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞാണ് പത്മയെയും തിരുവല്ലയിലെത്തിച്ചത്. പിന്നെല്ലാം റോസ്‌ലി നേരിട്ടതിന് സമാനമായ ക്രൂരത. കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രി മുഴുവൻ പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
റോസ്ലിയെ കാണാതായത് ജൂൺ ആറിനാണ്. ഓഗസ്റ്റ് 17നാണ് മകൾ പൊലീസിൽ പരാതി നൽകിയത്. പത്മയെ സെപ്തംബർ 26 ന് കാണാതായി. പിന്നാലെ സഹോദരി പരാതി നൽകി. പത്മയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം റഷീദിലേക്ക് എത്തിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് നരബലിയുടെ നിർണായക വിവരങ്ങൾ ലഭിച്ചു. പിന്നാലെ മറ്റ് രണ്ട് പ്രതികൾ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടു. ദമ്പതികളിൽ നിന്ന് പൂജകളുടെ പേരിൽ റഷീദ് ലക്ഷങ്ങൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam