വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട നടൻ മമ്മൂട്ടിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി വിമർശനവുമായി രംഗത്ത്. സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം മറച്ചുവെക്കാൻ കഴിയാത്ത വിറയൽ തോന്നിപ്പോയെന്ന് ശാരദക്കുട്ടി കുറിച്ചു.
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശന വേളയിൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റ്. ഭാസ്കരപ്പട്ടേലർക്കും വാര്യംകുന്നത്തഹമ്മദ് ഹാജിക്കും അപകർഷതയും ഭയവും തോന്നിപ്പിക്കുന്ന, പ്രകോപനമുണ്ടാക്കുന്ന എന്തോ ഒന്ന് ഈ യുവനേതാവിൻ്റെ ഉടുപ്പിലും നടപ്പിലും തലയെടുപ്പിലുമുണ്ടെന്നായിരുന്നു പോസ്റ്റ്. 'ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്ത്രിഭുവനത്തിലെന്ന് ' സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്. മറച്ചു വെക്കാൻ കഴിയാത്ത ഒരു വിറയൽ. അത്രേയുള്ളു. ഒടിയുന്നതെന്തെടാ ഭീമാ ഗദയോ നമ്മുടെ വാലോ ?- എന്നെഴുതിയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.
അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് ടൗൺഷിപ്പ് കാണാൻ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ടൗൺഷിപ്പിലേക്ക് വരാൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കൾ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഭാസ്കരപ്പട്ടേലർക്കും വാര്യംകുന്നത്തഹമ്മദ് ഹാജിക്കും അപകർഷതയും ഭയവും തോന്നിപ്പിക്കുന്ന, പ്രകോപനമുണ്ടാക്കുന്ന എന്തോ ഒന്ന് ഈ യുവനേതാവിൻ്റെ ഉടുപ്പിലും നടപ്പിലും തലയെടുപ്പിലുമുണ്ട്. സംശയമില്ല. 'ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്ത്രിഭുവനത്തിലെന്ന് ' സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്. മറച്ചു വെക്കാൻ കഴിയാത്ത ഒരു വിറയൽ. അത്രേയുള്ളു. ഒടിയുന്നതെന്തെടാ ഭീമാ ഗദയോ നമ്മുടെ വാലോ ?
